ഒടുവിൽ ലിയോ കണ്ടു, യജമാനനെ...
text_fieldsബാലകൃഷ്ണൻ വളർത്തുനായ് ലിയോക്കൊപ്പം ചൂരൽമലയിൽ
ചൂരൽമല (വയനാട്): മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധങ്ങളുടെ ഒട്ടേറെ കഥകൾക്ക് സാക്ഷിയായ ദുരന്തഭൂമിയിലെ ഒരു നായുടെയും യജമാനന്റെയും സ്നേഹകഥയാണിത്. ഉരുൾപൊട്ടൽ ദുരന്തദിവസം നഷ്ടപ്പെട്ട തന്റെ ലിയോ എന്ന നായെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് അട്ടമല എസ്റ്റേറ്റിൽ താമസിക്കുന്ന ബാലകൃഷ്ണൻ.
ദുരന്തമേഖലയിൽ ആദ്യം രക്ഷാപ്രവർത്തനം നടത്തിയത് ബാലകൃഷ്ണനാണ്. അതിനിടയിലാണ് രണ്ടുവർഷമായി സന്തത സഹചാരിയായ ലിയോയെ നഷ്ടപ്പെട്ടത്. കാലികളെ മേയ്ക്കാൻ കൊണ്ടുപോവുന്നതും വരുന്നതുമെല്ലാം ലിയോയാണ്. ഉരുൾപൊട്ടലിന് ശേഷം ബാലകൃഷ്ണനും ഭാര്യ ഉമയും ദുരിതാശ്വാസ ക്യാമ്പിലാണ്. ചൂരൽമലയിലെ വീടിന് സമീപ പ്രദേശങ്ങളിലെല്ലാം ബാലകൃഷ്ണൻ നായ് ഉണ്ടോയെന്ന് നോക്കും.
തിരഞ്ഞുനടക്കുന്നതിനിടയിലാണ് ഞായറാഴ്ച യാദൃച്ഛികമായി ബെയ്‌ലി പാലത്തിന് സമീപത്തുനിന്ന് തന്റെ യജമാനനെ ലിയോ കാണുന്നത്. കണ്ടയുടനെ ഓടിയെത്തി ബാലകൃഷ്ണന്റെ നെഞ്ചിലേക്ക് ചാഞ്ഞു. വൈകാരികമായ ആ സ്നേഹസംഗമത്തിൽ ബാലകൃഷ്ണന്റെയും കണ്ടുനിന്നവരുടേയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

