സ്ത്രീകളെ പേടിയാണ്, അവർ ഏതറ്റം വരെയും ദ്രോഹിക്കും -ബാലചന്ദ്രൻ ചുള്ളിക്കാട്
text_fieldsതന്നെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ ദ്രോഹിച്ചിട്ടുള്ളത് സ്ത്രീകൾ ആണെന്നും അതിനാൽ തന്നെ സ്ത്രീകളെ പേടിയാണെന്നും അവർ ഏതറ്റം വരെയും ദ്രോഹിക്കാൻ മടിയില്ലാത്തവരാണെന്നും പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട്. കോഴിക്കോട് നടന്ന സാഹിത്യ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
''എന്നെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ദ്രോഹിച്ചിട്ടുള്ളത് എന്‍റെ അമ്മ, അമ്മൂമ്മ, ചെറിയമ്മ തുടങ്ങി വീട്ടിലെ സ്ത്രീകളാണ്. ശാരീരികമായിട്ടും മാനസികമായിട്ടും ദ്രോഹിച്ച് പീഡിപ്പിച്ചിട്ടുള്ളത് അവരാണ്. ആ അനുഭവമാണ് ഞാന്‍ എഴുതിയത്. ആ അനുഭവം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. പക്ഷേ എന്‍റെ അനുഭവം അതാണ്. എനിക്കതുകൊണ്ട് സ്ത്രീകളെ പേടിയാണ്. കാരണം അവര്‍ ഏതറ്റം വരെയും ദ്രോഹിക്കും എന്നത് എന്‍റെ കുട്ടിക്കാലത്തുള്ള അനുഭവമാണ്. അടിച്ച് കരയിച്ചിട്ട് കരയുന്നതിന് അടിക്കും അമ്മ.
അത്ര വലിയ ദുഷ്ടതകള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നും ഞാന്‍ അനുഭവിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. എന്‍റെ അനുഭവം മാറാത്തിടത്തോളം കാലം എന്‍റെ ഉള്ളില്‍ ആ കിടിലം ഉണ്ടായിരിക്കും. ഏതു സ്ത്രീയെ കാണുമ്പോഴും എനിക്കെന്‍റെ അമ്മയെയും അമ്മൂമ്മയെയും എല്ലാം ഓര്‍മവരും. അവരുടെ ആ കണ്ണുകളിലെ നിധനതൃഷ്ണ എനിക്കോര്‍മ വരും. നിധനതൃഷ്ണ എന്നത് സൗമ്യമാക്കി പറഞ്ഞാല്‍ കൊല്ലാനുള്ള ആഗ്രഹം എന്നാണര്‍ഥം. അതെന്‍റെ അനുഭവമാണ്. ഞാനത് പറയും. കാരണം എനിക്ക് അമ്മയെയും സ്ത്രീകളെയുമൊന്നും അങ്ങനെ പുകഴ്‌ത്തേണ്ട കാര്യമില്ല. നന്മയിലും തിന്മയിലും സ്ത്രീ-പുരുഷഭേദമില്ല''-ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.
സ്ത്രീകളെ കുറിച്ച് പറഞ്ഞതിന് പലരും തന്നോട് വിശദീകരണം ചോദിക്കുന്നതിനാലാണ് വിശദമായി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ഉപദ്രവിച്ചു എന്നു പറയുന്നതെന്താണ് എന്ന് പലരും ചോദിക്കുന്നതായും കവി പറഞ്ഞു. അമ്മയെപ്പറ്റി കവികളെല്ലാം വാഴ്ത്തുന്ന കാലത്താണ് 'തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോള്‍ പിള്ളെയെടുത്ത് തടുക്കേയുള്ളൂ' എന്ന് പറഞ്ഞുകൊണ്ട് കുഞ്ചന്‍ നമ്പ്യാര്‍ ആ വലിയ ബലൂണ്‍ ഒരു സൂചി കൊണ്ട് കുത്തിപ്പൊട്ടിക്കുന്നതുപോലെ കുത്തിപ്പൊട്ടിച്ചത്. അത്രയേ ഉള്ളൂ മാതൃസ്‌നേഹം.
ഒരു വലിയ എഴുത്തുകാരന് അത് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. സഹോദര സ്‌നേഹത്തെപ്പറ്റി, കൂടപ്പിറപ്പുകളെപ്പറ്റി എല്ലാം കവികള്‍, ധര്‍മചാരികള്‍ ഒക്കെ പുകഴ്ത്തുന്ന സമയത്താണ് വാത്മീകി രാവണനെയും വിഭീഷണനെയും സൃഷ്ടിക്കുന്നത്. വ്യാസന്‍ നളനെയും പുഷ്‌കരനെയും സൃഷ്ടിക്കുന്നത്. കാരണം സത്യം അതാണ്. ജീവിച്ചിട്ടുള്ള എല്ലാവര്‍ക്കും അതറിയാം. സ്വന്തം സഹോദരങ്ങളില്‍ നിന്ന് അവര്‍ക്ക് ലഭിച്ചിട്ടുള്ള പലതരത്തിലുള്ള തിക്താനുഭവങ്ങള്‍, സ്വന്തം മാതാപിതാക്കളില്‍ നിന്ന് ലഭിച്ചിട്ടുള്ള തിക്താനുഭവങ്ങള്‍. സ്ത്രീകൾ എന്നെ ഉപദ്രവിച്ചു എന്നത് ശരിയാണ്. പിന്നെ അത് എങ്ങനെ പറയാതിരിക്കും. ചുള്ളിക്കാട് പറഞ്ഞു. ഇനി സാഹിത്യപരിപാടികളിൽ പങ്കെടുക്കില്ലെന്ന് ചുള്ളിക്കാട് നേരത്തേ പ്രസ്താവിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.