ബജ്‌റംഗ്ദളിന്‍റെ ക്രൈസ്തവ വേട്ടക്ക് ബി.ജെ.പി സര്‍ക്കാരുകളുടെ ഒത്താശയുണ്ടെന്ന് സണ്ണി ജോസഫ്
text_fieldsസണ്ണി ജോസഫ്
തിരുവനന്തപുരം: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണകക്ഷിയുടെ ഒത്താശയോടെയാണ് ക്രൈസ്തവ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. ഒഡിഷയില്‍ മലയാളികളായ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
അക്രമികള്‍ വൈദികരെയും കന്യാസ്ത്രീകളെയും കയ്യേറ്റം ചെയ്യുമ്പോള്‍ പൊലീസ് കയ്യുംകെട്ടി നില്‍ക്കുന്നു. ക്രൈസ്തവര്‍ക്കെതിരായ ആക്രമണം ബോധപൂര്‍വമാണ്. ഛത്തിസ്ഗഢിലും രാജസ്ഥാനിലും ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഒഡിഷയില്‍ വൈദികരും കന്യാസ്ത്രീകളും നേരിട്ട അതിക്രമം. ഇത്തരം സംഭവങ്ങള്‍ തടയുന്നതിനും ആവര്‍ത്തിക്കാതിരിക്കാനും യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യത്തിന് വഴങ്ങി നടപടിയെടുക്കുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ഛത്തിസ്ഗഢില്‍ കന്യാസ്ത്രീകളെ ആക്രമിച്ച ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇപ്പോഴും ഭരണകൂടത്തിന്റെ സംരക്ഷണത്തില്‍ സ്വതന്ത്രരായി കഴിയുന്നു. ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ന്യൂനപക്ഷവേട്ട നടത്തുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഇതേ സംരക്ഷണം തുടരുകയാണ്. എന്നിട്ടാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ കുറ്റബോധവുമില്ലാതെ ക്രൈസ്തവ ഭവനങ്ങളിലേക്കും പള്ളിമേടകളിലേക്കും കേക്കുമായി കടന്നുചെല്ലുന്നത്.
രാജ്യത്തിന്റെ മതേതരത്വം നശിപ്പിക്കുന്നതിനും ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസത്തിന്റെയും അഭിപ്രായത്തിന്റെയും സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമുള്ള നടപടികളാണ് തുടരുന്നത്. ഇത്തരം സംഭവങ്ങള്‍ ജനാധിപത്യ മതേതര രാജ്യത്തിന് ചേര്‍ന്നതല്ല. ഛത്തിസ്ഗഢില്‍ നിരപരാധികളായ രണ്ട് കന്യസ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിന്റെ വേദനയും പ്രതിഷേധവും കെട്ടടങ്ങുന്നതിന് മുമ്പെയാണ് ഒഡിഷയില്‍ നിന്നും സമാനമായ സംഭവം ആവര്‍ത്തിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

