ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്; ബെയ്‍ലിൻ ദാസ് അറസ്റ്റിൽ, പിടികൂടിയത് കാർ വളഞ്ഞ് സിനിമ സ്റ്റൈലിൽ
text_fieldsതിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ജൂനിയർ വനിതാ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ സീനിയർ അഭിഭാഷകന്‍ ബെയ്‌ലിൻ ദാസ് അറസ്റ്റിൽ.
മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷൻ കടവിൽ നിന്ന് ഇയാൾ സഞ്ചരിച്ച കാർ വളഞ്ഞ് സിനിമ സ്റ്റൈലിൽ തുമ്പ സി.ഐയുടെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുമ്പോൾ കാറിൽ ഇയാളുടെ ബന്ധുവുമുണ്ടായിരുന്നു. ബന്ധുവിനെ വിട്ടയച്ച പൊലീസ്, ബെയ്ലിൻ ദാസിനെ വഞ്ചിയൂർ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ വലയിലാക്കിയത്. വാഹനങ്ങള്‍ മാറി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേർന്നു പ്രതിയെ പിടികൂടിയത്.
തുമ്പ സ്‌റ്റേഷനില്‍നിന്ന് വഞ്ചിയൂര്‍ സ്‌റ്റേഷനിലേക്ക് എത്തിച്ച ബെയ്‌ലിന്‍ ദാസിനെ ചോദ്യം ചെയ്തതിന് ശേഷം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞദിവസം ഉച്ചയോടെയാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്‍ലിന്‍ ദാസ് അതിക്രൂരമായി മർദിച്ചത്.
നേരത്തെ, ബെയ്ലിൻ ദാസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നില്ലെന്നാണ് അപേക്ഷയിലെ വാദം. ജൂനിയർ അഭിഭാഷകയെ മാറ്റാൻ താൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ബാർ കൗൺസിലിന് നൽകിയ പരാതി. ബോധപൂർവം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്നും ദാസ് വാദിക്കുന്നു.
അതേസമയം, കേരള പൊലീസിനോട് പറഞ്ഞാൽ തീരാത്ത നന്ദിയുണ്ടെന്ന് മർദനമേറ്റ ജൂനിയർ അഭിഭാഷക പ്രതികരിച്ചു. സംഭവശേഷം രാഷ്ട്രീയം നോക്കാതെ, എല്ലാ പാർട്ടികളും നേതാക്കളും സിനിമ സാംസ്കാരിക രംഗത്തുള്ളവരും ബാർ അസോസിയേഷനും ബാർ കൗൺസിലും ഒപ്പമുണ്ടായിരുന്നു. എല്ലാവരോടും നന്ദി മാത്രമേയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

