ബെയ്ലി പാലം സാമഗ്രികൾ കണ്ണൂരിലെത്തി; ഇന്ന് പുറപ്പെടും
text_fieldsചൂരൽമലയിലേക്കുള്ള പാലം നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നതിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ട്രക്കുകൾ
മട്ടന്നൂര്‍: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബെയിലി പാല നിര്‍മാണ സാമഗ്രികൾ കണ്ണൂരിലെത്തി. ബുധനാഴ്ച രാവിലെ 11.30ഓടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ സാമഗ്രികൾ രാത്രി ഏഴോടെയാണ് പുറത്തിറക്കിയത്. ഡല്‍ഹിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ കാര്‍ഗോ വിമാനത്തിലെത്തിച്ച പാലം നിര്‍മാണ സാമഗ്രികള്‍ 17 ട്രക്കുകളിലായാണ് വയനാട്ടിൽ എത്തിക്കുന്നത്. ചിലസാങ്കേതിക തടസം ഒഴിവായാൽ വ്യാഴാഴ്ച രാത്രി വയനാട്ടിലേക്ക് ട്രക്കുകൾ പോകും. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റന്‍ പുരന്‍സിങ് നഥാവത്ത് പ്രവര്‍ത്തനം ഏകോപിപ്പിച്ചു. 25 സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്നറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ചെയര്മാന് എന്‍. ഷാജിത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ ഒരുക്കിയെങ്കിലും കണ്ണൂരില്‍ നിന്നുള്ള സൈനിക വിഭാഗത്തിലെ 90 പേരാണ് സാമഗ്രികള്‍ ട്രക്കുകളില്‍ കയറ്റിയത്. 85 അടി നീളമുള്ള പാലത്തിന്റെ നിര്‍മാണം വ്യാഴാഴ്ച ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

