ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയിൽ അപേക്ഷ നൽകി. അടുത്തിടെ പുറത്തുവന്ന പുതിയ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നീക്കം.
ജാമ്യവ്യവസ്ഥകൾ എല്ലാം ദിലീപ് ലംഘിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും സാക്ഷികളെ അഭിഭാഷകർ മുഖേനയും നേരിട്ടും സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈകോടതി നിർദേശിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ, ഫോറന്‍സിക് പരിശോധനാ ഫലങ്ങൾഎന്നിവ ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം അന്വേഷണ സംഘം ഉന്നയിച്ചത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങളും കോടതിയെ ബോധ്യപ്പെടുത്തും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ഫലമായി പീച്ചി പൊലീസും കാസർകോഡ് ബേക്കല്‍ പൊലീസും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കാര്യങ്ങളും പുതിയ സാഹചര്യത്തില്‍ അന്വേഷണ സംഘം വീണ്ടും കോടതിയില്‍ അറിയിക്കും.

