തെരുവുനായയെ ഭയന്ന് ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ചയാളുടെ ജാമ്യാപേക്ഷ തള്ളി; 30 ദിവസമായി പ്രതി ജയിലിൽ
text_fieldsതിരുവനന്തപുരം: തെരുവുനായയിൽ നിന്ന് രക്ഷപെടാനായി ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ച 70കാരന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തളളി. ചെമ്മരുതി സ്വദേശിയായ ബാബുരാജിന്റെ ജാമ്യാപേക്ഷയാണ് പോക്‌സോ കോടതി ജഡ്‌ജി എം.പി ഷിബു നിരസിച്ചത്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്‌പദമായ സംഭവം. ആറു വയസുകാരിയെ തെരുവുനായ ആക്രമിച്ചപ്പോൾ കുട്ടി ഓടി രക്ഷപെടുന്നതിനിടയിൽ അടുത്തുണ്ടായിരുന്ന പ്രതി രക്ഷിക്കാനെന്ന വ്യാജേന കുട്ടിയെ പിടിച്ചു നിർത്തി അടിവസ്ത്രത്തിനുള്ളിൽ കൈ കടത്തി ഉപദ്രവിക്കുകയായിരുന്നു.
ഭയന്നുപോയ കുട്ടി കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും വേദന സഹിക്കാനാകാതെ വന്നതിനെ തുടർന്ന് അമ്മയോട് പറഞ്ഞു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പ്രതിക്കെതിരെ കേസെടുത്തു. വൈദ്യ പരിശോധനക്ക് കുട്ടിയെ വിധേയമാക്കിയപ്പോൾ ഡോക്ടറാണ് കുട്ടിയുടെ ഉള്ളിലെ മുറിവ് കണ്ടെത്തുന്നത്. പ്രതി കഴിഞ്ഞ മുപ്പതു ദിവസമായി ജയിലിലാണ്.
തെരുവുനായ ഓടിക്കുമ്പോൾ രക്ഷപെടാൻ ശ്രമിക്കുന്ന കുട്ടിയോട് ഇത്തരത്തിൽ നീചമായി പ്രവർത്തിച്ച വ്യക്തി ഒരു ദയയും അർഹിക്കുന്നില്ലെന്നും അക്രമകാരിയായ തെരുവുനായെക്കാളും അപകടകാരിയാണ് പ്രതിയെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

