‘ബാഡ് ടച്ച്’: ഡോക്ടർ മോശമായി പെരുമാറിയെന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കരുതാനാവില്ല -ഹൈകോടതി
text_fieldsകൊച്ചി: തെറ്റായി സ്പർശിച്ചെന്ന (ബാഡ് ടച്ച്) പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ഡോക്ടർ ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്ന് കരുതാനാവില്ലെന്ന് ഹൈകോടതി. കോഴിക്കോട് സ്വദേശിയായ 80കാരനായ ഡോക്ടർക്കെതിരെ പത്താംക്ലാസ് വിദ്യാർഥിനി നൽകിയ പരാതിയിൽ പോക്സോ അടക്കം വകുപ്പുകൾപ്രകാരമെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ നിരീക്ഷണം.
2023 ഏപിലിൽ രണ്ടുദിവസങ്ങളിലായാണ് പരാതിക്കിടയായ സംഭവമുണ്ടായത്. നെഞ്ചുവേദനയും വയറുവേദനയുമായി എത്തിയ കുട്ടിയെ പരിശോധിച്ചപ്പോൾ ഡോക്ടറുടെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമമുണ്ടായി എന്നായിരുന്നു കുട്ടിയുടെ പരാതി. മാതാവിന്‍റെയും മൂത്ത സഹോദരിയുടെയും സന്നിധ്യത്തിലായിരുന്നു ഡോക്ടർ പരിശോധിച്ചത്.
നെഞ്ചുവേദനക്കും വയറു വേദനക്കുമാണ് ശാരീരിക പരിശോധന നടത്തിയതെന്നതിനാൽ ലൈംഗികാതിക്രമമായി അതിനെ കണക്കാക്കാനാകില്ലെന്നും ഡോക്ടറുടെ പെരുമാറ്റത്തെ കൗമാരക്കാരി തെറ്റിദ്ധരിച്ചതാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു. മാതാപിതാക്കളുടെ സമ്മതത്തോടെ അവരുടെ സാന്നിധ്യത്തിൽ കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയമാക്കുന്നത് പോക്സോ ആക്ടിന്റെ പരിധിയിൽ വരില്ലെന്ന് നിയമത്തിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് കോഴിക്കോട് പോക്സോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോടതി റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

