വനിത എസ്.ഐമാർക്ക് മോശം സന്ദേശം; എ.ഐ.ജി വിനോദ്കുമാറിന്റെ മൊഴിയെടുത്തു
text_fieldsഎ.ഐ.ജി. വിനോദ് കുമാർ
തിരുവനന്തപുരം: വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് മോശം സന്ദേശങ്ങളയച്ചെന്ന പരാതിയിൽ ക്രമസമാധാനവിഭാഗം എ.ഐ.ജി വി.ജി. വിനോദ്കുമാറിന്റെ മൊഴി രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്തെ ആഭ്യന്തര പരാതിപരിഹാര സമിതിയിലെ എ.ഐ.ജി മെറിൻ ജോസഫാണ് മൊഴിയെടുത്തത്. ആരോപണങ്ങൾ നിഷേധിച്ച വിനോദ്കുമാർ, എസ്.പി എന്ന നിലയിൽ ജോലിയുടെ ഭാഗമായി മാത്രമാണ് സന്ദേശങ്ങൾ അയച്ചതെന്ന് മൊഴി നൽകി. പരാതിക്ക് പിന്നിൽ പൊലീസ് തലപ്പത്തുള്ളവരിൽ ചിലരുടെ ഗൂഡാലോചനയുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ പരാതിക്കാരായ വനിത എസ്.ഐമാരുടെ മൊഴി പത്തനംതിട്ടയിലെത്തി മെറിൻ ജോസഫ് രേഖപ്പെടുത്തും. പത്തനംതിട്ട എസ്.പിയായിരിക്കെ വിനോദ് കുമാർ തൊഴിൽ സ്ഥലത്ത് മാനസികമായി പീഡിപ്പിച്ചെന്നും മോശം സന്ദേശങ്ങൾ അയച്ചെന്നും കാട്ടി പത്തനംതിട്ടയിലെ രണ്ട് വനിത എസ്.ഐമാരാണ് കഴിഞ്ഞ മാസം റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തിന് പരാതി നൽകിയത്.
രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തി വനിത എസ്.ഐമാരുടെ മൊഴിയെടുത്ത അജിതാബീഗം, ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷണം വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് ഡി.ജി.പി റവഡ ചന്ദ്രശേഖർ പൊലീസ് ആസ്ഥാനത്തെ വുമൺ കംപ്ലയിന്റ് സെൽ അധ്യക്ഷയായ എസ്.പി മെറിൻ ജോസഫിന് അന്വേഷണ ചുമതല കൈമാറിയത്.
ആറന്മുള പോക്സോ കേസ് അട്ടിമറി ഉൾപ്പെടെ ഒട്ടേറെ വിവാദങ്ങളിൽപെട്ടതിനെത്തുടർന്നാണ് പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിനോദ് കുമാറിനെ നീക്കിയത്. തുടർന്ന്, ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ ഓഫിസിൽ നിർണായക തസ്തികയിൽ നിയമിക്കുകയായിരുന്നു. അതേസമയം, മോശമായി പെരുമാറിയെന്ന എസ്.ഐമാരുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയെന്നും വനിത എസ്.ഐമാർക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിനോദ് കുമാറും സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ഒരേ ഫോണ്ടിൽ പരാതികള് തയാറാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

