മുന്നാക്കക്കാരിലെ പിന്നാക്കാവസ്ഥ: കമീഷൻ റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് ഹരജി
text_fieldsകൊച്ചി: മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ പഠിച്ച് ക്ഷേമപദ്ധതികൾ ശിപാർശ ചെയ്യാൻ നിയമിക്കപ്പെട്ട സംസ്ഥാന കമീഷന്റെ റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. വിശദ പഠനത്തിന് ശേഷം ജസ്റ്റിസ് ഹരിഹരൻ നായർ ചെയർമാനായ കമീഷൻ മാർച്ചിൽ ശിപാർശകൾ സമർപ്പിച്ചെങ്കിലും നിയമസഭയിൽ വെക്കാൻപോലും തയാറായിട്ടില്ലെന്നുകാട്ടി സമസ്ത നായർ സമാജമാണ് ഹരജി നൽകിയിരിക്കുന്നത്. ഇതിൽ ജസ്റ്റിസ് വി.ജി. അരുൺ സർക്കാറിന്റെ വിശദീകരണം തേടി.
സാമ്പിൾ സർവേ നടത്താനുള്ള കമീഷൻ നിർദേശം സർക്കാർ അംഗീകരിക്കുകയും ഇതിനായി 75 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതാണെന്ന് സംഘടന ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്റെ ഹരജിയിൽ പറയുന്നു.
ഹരജിക്കാരും സർവേയുടെ ഭാഗമായി അഭിപ്രായം അറിയിച്ചിരുന്നു. ജുഡീഷ്യൽ റിപ്പോർട്ട് സമർപ്പിച്ചാൽ അത് നിയമസഭയിൽ വെക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് മാത്രമല്ല, കമീഷൻ ശിപാർശകളിൽ നടപടി സ്വീകരിക്കേണ്ടതുമുണ്ട്.
ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ സർക്കാറിന് നിവേദനം നൽകിയിട്ടും മറുപടിപോലും നൽകിയിട്ടില്ലെന്നും ഹരജിയിൽ ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

