പിന്നാക്ക സംവരണം:ദേശീയ കമീഷനെ തള്ളി സംസ്ഥാന പിന്നാക്ക കമീഷൻ
text_fieldsകൊച്ചി: കേരളത്തിലെ പിന്നാക്ക സമുദായ സംവരണ പട്ടികയെയും രീതിയെയും ചോദ്യംചെയ്ത് റിപ്പോർട്ട് തേടിയ ദേശീയ പിന്നാക്ക കമീഷൻ നടപടിയെ തള്ളി സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ. എറണാകുളം ഗെസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിലാണ് സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയ നടപടിക്കെതിരെ കമീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ജി. ശശിധരൻ രംഗത്തുവന്നത്. സംസ്ഥാന കമീഷന്റെ പ്രവർത്തനങ്ങളെ ചോദ്യംചെയ്യാനോ കാരണംകാണിക്കാൻ ആവശ്യപ്പെടാനോ ദേശീയ പിന്നാക്കവിഭാഗ കമീഷനോ (എൻ.സി.ബി.സി) കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കോ അധികാരമില്ലെന്ന് ശശിധരൻ വ്യക്തമാക്കി.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സ്വതന്ത്ര ബോഡിയാണ് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ. എന്നാൽ, അത്തരം വിഭാഗങ്ങളുടെ പട്ടിക തയാറാക്കുന്നത് രാഷ്ട്രപതിയും അതത് സംസ്ഥാനത്തെ ഗവർണറും കൂടിയാലോചിച്ചാണ്. പട്ടികയിൽ കൂടുതൽ വിഭാഗങ്ങളെ കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ നിലവിലെ നിയമപ്രകാരം ദേശീയ കമീഷന് അധികാരമില്ല. മാത്രവുമല്ല, ഭരണഘടന അനുഛേദം 342 (എ), ഉപവകുപ്പ് മൂന്ന് പ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അവരുടെ ആവശ്യാനുസരണം പിന്നാക്ക വിഭാഗങ്ങളുടെ പ്രത്യേക പട്ടിക തയാറാക്കാനുള്ള അധികാരവുമുണ്ട്. ഇത് കേന്ദ്ര പട്ടികയിൽനിന്ന് വ്യത്യസ്തമാണ്. ഇതിൽ ഇടപെടാൻ സർക്കാറുകൾക്കോ ദേശീയ കമീഷനോ അധികാരമില്ല.
സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തേണ്ട വിഭാഗങ്ങളുടെ പുനഃപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ദേശീയ പിന്നാക്ക കമീഷന്റെ കത്തിലെ മറ്റൊരു ആവശ്യം. എന്നാൽ, പുനഃപരിശോധന നടത്താനുള്ള അവകാശം സംസ്ഥാന സർക്കാറുകൾക്ക് മാത്രമാണെന്ന് ജസ്റ്റിസ് ശശിധരൻ പറഞ്ഞു. സംസ്ഥാന സർക്കാർ പുനഃപരിശോധന നടത്തി കമീഷന്റെ അഭിപ്രായം തേടിയാൽ മാത്രമേ അതിൽ കമീഷൻ ഇടപെടുകയുള്ളൂ. അതുകൊണ്ടുതന്നെ ദേശീയ കമീഷൻ, സംസ്ഥാന കമീഷനോട് ലിസ്റ്റിൽ പുനഃപരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുന്നത് തികച്ചും അപ്രസക്തമാണ്. റിപ്പോർട്ട് നൽകാൻ കമീഷൻ ബാധ്യസ്ഥരുമല്ല. ഇക്കാര്യത്തിൽ കമീഷന്റെ കർശന നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

