നടപടിക്രമങ്ങളിൽ ഇ.ഡിക്ക് കാലിടറുന്നു; കോടതികളിൽ തിരിച്ചടി
text_fieldsകൊച്ചി: കേസുകളിൽ രാഷ്ട്രീയ നേതാക്കളെയും പ്രമുഖരെയുമടക്കം ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിൽ വീഴ്ച സംഭവിക്കുന്നത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) തിരിച്ചടിയാകുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതികളുടെയും മൊഴികളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ വിളിച്ചുവരുത്താൻ ഇ.ഡി കക്ഷികൾക്ക് അയക്കുന്ന സമൻസ് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി റദ്ദാക്കുന്നതാണ് പ്രശ്നമാകുന്നത്.
മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇ.ഡി അയച്ച സമൻസ് ഹൈകോടതി റദ്ദാക്കിയതിന് പിന്നാലെ ബുധനാഴ്ച സഹകരണ വകുപ്പിന്റെ സഞ്ചിതനിധി സംബന്ധിച്ച വിശദാംശങ്ങളുമായി വ്യാഴാഴ്ച നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി സഹകരണ രജിസ്ട്രാർക്ക് നൽകിയ സമൻസ് ഹൈകോടതി സ്റ്റേ ചെയ്തു. കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലാണിത്. രജിസ്ട്രാറുടെയും കുടുംബാംഗങ്ങളുടെയും വ്യക്തിഗത വിവരങ്ങൾ ആരാഞ്ഞ് നൽകിയ സമൻസ് നേരത്തേ കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇ.ഡി മാറ്റി അയച്ച സമൻസാണ് വീണ്ടും സ്റ്റേ ചെയ്തത്.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ അരവിന്ദാക്ഷൻ കോടതിയിൽ നൽകിയ മൊഴിയിലും ഇ.ഡി വെട്ടിലായിരുന്നു.അരവിന്ദാക്ഷന്റെ മാതാവിന്റെ പേരിൽ പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൽ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമുണ്ടെന്ന് ഇ.ഡി അറിയിച്ചത് അരവിന്ദാക്ഷന്റെ അഭിഭാഷകൻ ചോദ്യം ചെയ്യുകയായിരുന്നു. അമ്മക്ക് ഈ ബാങ്കിൽ അക്കൗണ്ട്പോലും ഇല്ലെന്ന് നിലപാടെടുത്തതോടെ പരുങ്ങലിലായ ഇ.ഡി ബാങ്ക് നൽകിയ റിപ്പോർട്ടിലുള്ളതാണ് പരാമർശിച്ചതെന്ന് വിശദീകരിച്ച് തലയൂരുകയായിരുന്നു.
കിഫ്ബി മസാല ബോണ്ടിൽ പുതിയ സമൻസ് അയക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് തോമസ് ഐസക്കിന് അനുകൂല നിലപാടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

