നിന്നുതിരിയാനിടമില്ല; പിന്നെയെങ്ങനെ പിൻബെഞ്ച് ഒഴിവാക്കും?
text_fieldsപ്രതീകാത്മകം
തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ പരിഷ്കരണ സാധ്യതകൾ തേടുന്നത് പരിമിതികൾ തിരിച്ചറിയാതെ. അവധിക്കാലമാറ്റത്തിന് പിന്നാലെ സ്കൂളുകളിലെ പിൻബെഞ്ച് സമ്പ്രദായം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് തേടുന്നത്.
വിദ്യാർഥികളെ കുത്തിനിറച്ച് അധ്യയനം നടത്തുന്ന നൂറുകണക്കിന് ഹയർസെക്കൻഡറി ക്ലാസ് മുറികളെ ഉൾപ്പെടെ വിസ്മരിച്ചാണ് പരിഷ്കാര ചർച്ചക്ക് വിദ്യാഭ്യാസ മന്ത്രി തുടക്കമിട്ടത്. പുതിയ ഹയർസെക്കൻഡറി ബാച്ചുകളും സ്കൂളുകളും തുടങ്ങാൻ സാമ്പത്തിക പ്രതിസന്ധി തടസ്സമെന്ന വാദം നിരത്തുന്ന സർക്കാർ ഇത് പരിഹരിക്കാൻ ഒരു ക്ലാസിൽ 65 കുട്ടികളെ വരെയാണ് കുത്തിനിറച്ചിരുത്തുന്നത്.
ഭിന്നശേഷി കുട്ടികൾ അപേക്ഷകരായ സ്കൂളുകളിൽ ഇത് 65നും മുകളിലാണ്. അധ്യാപകർക്കും കുട്ടികൾക്കും നിന്നുതിരിയാനിടമില്ലാത്ത ജംബോ ബാച്ചുകളാണ് സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ഹയർസെക്കൻഡറി സ്കൂളുകളിലുള്ളത്. 50 കുട്ടികൾക്ക് പകരം 30 ശതമാനം കൂടി സീറ്റ് വർധന അനുവദിച്ചാണ് ഈ ജില്ലകളിൽ ഹയർസെക്കൻഡറികളിൽ പ്രവേശനം.
നാല് ജില്ലകളിൽ 20 ശതമാനം സീറ്റ് വർധന വഴി 60 കുട്ടികൾ വരെ പഠിക്കുന്നു. ഈ ക്ലാസുകളിലെല്ലാം നിലവിലുള്ള പിൻബെഞ്ച് സമ്പ്രദായം മാറ്റാൻ മറ്റൊരു രീതി നടപ്പാക്കൽ പ്രതിസന്ധിയാണ്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകൾക്ക് കേരള വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള വിസ്തൃതി നിശ്ചയിച്ചിട്ടുണ്ട്.
ക്ലാസിലുണ്ടാകുന്ന കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ചാണ് ഇവ നിർണയിച്ചത്. ഈ വിസ്തൃതി അടിസ്ഥാനപ്പെടുത്തിയാണ് മഹാഭൂരിഭാഗം സ്കൂൾ കെട്ടിടങ്ങളും പണിതത്. യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകൾക്ക് ആറ് മീറ്റർ നീളവും ആറ് മീറ്റർ വീതിയും 3.7 മീറ്റർ ഉയരവുമാണ് നിശ്ചയിച്ചിരിക്കുന്നത്. എൽ.പി ക്ലാസുകൾക്ക് ആറ് മീറ്റർ നീളവും 5.5 മീറ്റർ വീതിയും മൂന്ന് മീറ്റർ ഉയരവും. കുട്ടികൾ കൂടുതലുള്ള ഹയർസെക്കൻഡറി ക്ലാസുകളിൽ ഉൾപ്പെടെ ഇരിപ്പിട രീതി എങ്ങനെ മാറ്റുമെന്ന ചോദ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

