ഇരുണ്ട ദിനത്തിന്റെ ഞെട്ടലിൽ ബേബിച്ചൻ
text_fieldsധോണി: അരകിലോമീറ്റര്‍ അടുത്തായി പി.ടി -7 മയക്കുവെടിയേറ്റപ്പോൾ ഞാറക്കോട്ടെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന 56കാരനായ ആന്റണി എന്ന ബേബിച്ചനും തെല്ലൊന്നുമല്ല സന്തോഷിച്ചത്. ഒപ്പം അന്നത്തെ ആ കറുത്ത ദിനവും മനസ്സിലേക്കോടി വരികയാണ്. അപ്രതീക്ഷിതമായി പി.ടി -7ന്റെ ആക്രമണത്തിനിരയായി ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട മനുഷ്യന്. ഇദ്ദേഹത്തെ ആക്രമിച്ച് ഒരു വർഷം പിന്നിടുമ്പോള്‍ ആ വന്യമൃഗം കൂട്ടിലായിരിക്കുന്നു.
2021 ഡിസംബര്‍ 16ന് റബര്‍ തോട്ടത്തില്‍ നില്ക്കുമ്പോള് പെട്ടെന്ന് ആന ആക്രമിച്ചു. തെറിച്ചുവീണത് കുഴിയിലായത് കൊണ്ട് രക്ഷപ്പെട്ടു. വീണ്ടും ആന നോക്കിയെങ്കിലും കണ്ടില്ല. ആക്രമണത്തില്‍ വാരിയെല്ല് തകര്‍ന്നു. ചുമലിലും ഇടിപ്പിലും മുതുകിലുമെല്ലാം പരിക്കേറ്റു. മൂന്ന് മാസത്തോളം ഐ.സി.യുവില്‍ ചികിത്സ. ഇപ്പോള്‍ പരസഹായമില്ലാതെ നടക്കാനാവില്ല. റബര്‍ ടാപ്പിങ്ങും കൃഷിയുമായിരുന്നു തൊഴില്‍. ഇപ്പോള്‍ തൊഴിലെടുക്കാനാവാത്ത അവസ്ഥയാണ്. ഭാര്യയും രണ്ട് പെണ്മക്കളുമാണ് ബേബിച്ചനുള്ളത്.

