കുഞ്ഞ് മരിച്ചു; വീട്ടുപ്രസവം വീണ്ടും വിവാദത്തിൽ
text_fieldsകോട്ടയം: ജീവനെടുക്കുന്ന വീട്ടുപ്രസവങ്ങൾ വീണ്ടും വിവാദത്തിൽ. കടുത്തുരുത്തിയിൽ വീട്ടിലെ പ്രസവത്തിൽ നവജാത ശിശു മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചകൾ മറയ്ക്കാൻ ശ്രമമെന്ന് പരാതി. കടുത്തുരുത്തി വെള്ളാശ്ശേരി തത്തപ്പള്ളി ആലുമേൽ വീട്ടിൽ അനീഷിന്റെ ഭാര്യ കാർത്തിക (36) ആണ് ശനിയാഴ്ച വീട്ടിൽ പ്രസവിച്ചത്. കുഞ്ഞ് മരിക്കുകയും അമ്മയെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കാർത്തികയെ രക്തം വാർന്ന് അവശനിലയിലാണ് ശനിയാഴ്ച ആശുപത്രിയിലാക്കിയത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് ആശുപത്രി അധികൃതർ വിട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തുണിയിൽ പൊതിഞ്ഞ് മേശക്കു മുകളിൽ വെച്ച നവജാത ശിശുവിനെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ഇവർക്ക് നാലു മക്കളുണ്ട്. രണ്ടു വയസ്സുള്ള കുഞ്ഞ് പ്രസവസമയത്ത് കാർത്തികയുടെ കൂടെയുണ്ടായിരുന്നു.
ഗർഭിണിയായ കാർത്തിക ആശ പ്രവർത്തകരോട് സഹകരിക്കാത്ത സാഹചര്യം പല ഘട്ടങ്ങളിൽ ഉണ്ടായിട്ടും വിവരം റിപ്പോർട്ട് ചെയ്യിപ്പിച്ച് ആരോഗ്യ വകുപ്പിനെ കൊണ്ട് തുടർ നീക്കങ്ങൾ സ്വീകരിപ്പിക്കുന്നതിൽ ആശാ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും വീഴ്ച സംഭവിച്ചതായി വീട്ടുപ്രസവങ്ങൾ ഒഴിവാക്കാൻ സർക്കാർ മാർഗരേഖ ആവശ്യപ്പെട്ട് ഹൈകോടതിയിൽ നിയമപോരാട്ടം നടത്തുന്ന ആരോഗ്യവകുപ്പിലെ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
കുഞ്ഞിന്റെ ദേഹത്ത് രക്തം പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ട് അനീഷിന്റെ മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച കാർത്തികയെ കട്ടിലിൽ കണ്ടത്. ഉടൻ മുട്ടുചിറ എച്ച്.ജി.എം ആശുപത്രിയിൽ എത്തിച്ചു. കടുത്തുരുത്തി എസ്.എച്ച്.ഒ ഡി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ആശുപത്രിയിലെത്തി അനീഷിന്റെ മൊഴിയെടുത്തു. കാർത്തിക ഗർഭിണിയാണെന്ന കാര്യം മറച്ചുവെക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. കാർത്തിക ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
വീട്ടുപ്രസവങ്ങൾ നിരുത്സാഹപ്പെടുത്താൻ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞ വർഷം തദ്ദേശ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രസവം ആരോഗ്യ സ്ഥാപനങ്ങളിൽ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോ. കെ. പ്രതിഭ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കഴിഞ്ഞ ജനുവരിയിൽ മാത്രം സംസ്ഥാനത്ത് 14 വീട്ടുപ്രസവം നടന്നതായും അതിൽ മൂന്ന് നവജാത ശിശുക്കൾ മ രിച്ചതായും ഹൈകോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിങിന് ആരോഗ്യ വകുപ്പ് നൽകിയ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

