കുഞ്ഞിനെ തട്ടിയെടുത്ത സംഭവം: സുരക്ഷാവീഴ്ച നാലംഗ സമിതി അന്വേഷിക്കും
text_fieldsകുട്ടിയെ തട്ടിയെടുത്ത കേസിലെ പ്രതി നീതുവിനെ കോട്ടയം വനിതാ സ്റ്റേഷനിൽ നിന്ന് ഗാന്ധിനഗർ സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നു
കോട്ടയം: ഡോക്ടർ ചമഞ്ഞെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഗൈനകോളജി വാർഡിൽ നിന്ന് നവജാതശിശുവിനെ തട്ടിയെടുത്ത സംഭവം ആർ.എം.ഒ മേൽനോട്ടത്തിലുള്ള സമിതി അന്വേഷിക്കും. ആർ.എം.ഒയെ കൂടാതെ നഴ്സിങ് ഒാഫീസർ, സുരക്ഷാ തലവൻ, ഫോറൻസിക് വിദഗ്ധൻ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റംഗങ്ങൾ.
നിലവിലെ സുരക്ഷാരീതി പുനപരിശോധിക്കുക കൂടി ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒരു സമിതിക്ക് രൂപം നൽകിയിട്ടുള്ളത്. സന്ദർശകരെ നിയന്ത്രിക്കുന്ന കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നത് അടക്കമുള്ള ശിപാർശകൾ നൽകുമെന്നാണ് ആർ.എം.ഒ വ്യക്തമാക്കിയിട്ടുള്ളത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഡോക്ടർ ചമഞ്ഞെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഗൈനകോളജി വാർഡിൽ നിന്ന് കുമളി വണ്ടിപ്പെരിയാർ വലിയതറയിൽ ശ്രീജിത്-അശ്വതി ദമ്പതികളുടെ രണ്ടു ദിവസം പ്രായമായ പെൺകുഞ്ഞിനെ തട്ടിയെടുത്തത്. ഒരുമണിക്കൂറിനകം കുഞ്ഞിനെയും ഇവരെയും ആശുപത്രിക്ക് സമീപത്തെ ബാർ ഹോട്ടലിൽ നിന്ന് പൊലീസ് കണ്ടെത്തി.
കളമശ്ശേരിയിൽ താമസിക്കുന്ന തിരുവല്ല സ്വദേശിനി നീതുവാണ് (30) കുഞ്ഞിനെ കടത്താൻ ശ്രമിച്ചത്. പൊലീസ് കസ്റ്റഡിയിലായ നീതുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രതി നീതുവിനെ സഹായിച്ചത് ബാദുഷയാണെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

