മലയാളികളുടെ ഫേസ്ബുക് കൂട്ടായ്മകളിൽ ഇപ്പോഴത്തെ ട്രെൻഡാണ് സ്വയം പരിചയപ്പെടുത്തിയുള്ള ‘ഇൻട്രോ’ പോസ്റ്റുകൾ. നല്ലൊരു ഫോട്ടോയും രസകരമായ വിശേഷണവുമൊക്കെ ചേർത്ത് ഒരു ‘ഇൻട്രോ’ പോസ്റ്റ് ഇടുന്നതോടെ പലരും ഹീറോ ആവും. ലൈക്കുകൾ കുമിഞ്ഞുകൂടുന്നതോടെ കൂടുതൽ മുന്നിലെത്തുന്നതാരെന്ന് മത്സരവുമാകും. വ്യക്തിവിവരങ്ങൾ ഇങ്ങനെ പരസ്യമായി നൽകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും കോവിഡ് കാരണം പുറത്തിറങ്ങാൻ കഴിയാതെ വീട്ടിലിരിക്കുന്നവരുണ്ടോ അത് അനുസരിക്കുന്നു.
വേൾഡ് മലയാളി സർക്കിൾ (ഡബ്ല്യു.എം.സി) എന്ന ഗ്രൂപ്പിലെ ഇന്നത്തെ താരം ബി. സരോജിനിയമ്മ എന്ന 91കാരിയാണ്. പ്രായത്തെ തന്നെ തോൽപ്പിച്ച് ട്രെൻഡിനൊപ്പം കൂടിയ സരോജിനിയമ്മക്ക് വൻ വരവേൽപ്പാണ് ഗ്രൂപ്പിൽ ലഭിച്ചത്.
ഒമ്പത് മക്കളും 18 ചെറുമക്കളും 15 പേരക്കുട്ടികളും സരോജിനിയമ്മക്കുണ്ട്. ട്രെൻഡ് എന്തായാലും ഇപ്പോൾ വിശ്രമജീവിതത്തിലാണെന്ന് ഇവർ പോസ്റ്റിൽ പറയുന്നു.
പോസ്റ്റ് ചെയ്ത് അഞ്ച് മണിക്കൂറിനകം തന്നെ കാൽലക്ഷത്തിലേറെ പേരാണ് സരോജിനിയമ്മയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. ഇതിലും വലിയ മാസ്സ് ഇൻട്രോ ഗ്രൂപ്പിൽ വേറെ വരാനില്ലെന്നാണ് പലരും കമന്‍റിൽ അഭിപ്രായപ്പെടുന്നത്.