ബി. ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശം; രണ്ടുമാസത്തിനകം നടപടി വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഗുരുവായൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശം സംബന്ധിച്ച പരാതിയിൽ രണ്ടു മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. വിഡിയോ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കംചെയ്താലും സമൂഹത്തിനും സമുദായത്തിനും നാടിനും അത് ആഘാതമുണ്ടാക്കുന്നുണ്ടെന്നും അത് നീക്കാൻ എന്താണ് ചെയ്യേണ്ടതെന്നുമടക്കം ചോദ്യങ്ങൾ ഉന്നയിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്.
ഗുരുവായൂരിൽ ഇതുവരെ ഹിന്ദു എം.എൽ.എ ഉണ്ടായിട്ടില്ലെന്ന ഗോപാലകൃഷ്ണന്‍റെ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു നേതാവ് കെ. ഗോകുൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിഡിയോ വ്യാപകമായി പ്രചരിക്കുകയും തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ നടപടിയില്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശത്തിന്‍റെ അടിസ്ഥാനത്തിൽ നാമനിർദേശ പത്രിക തള്ളണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. എന്നാൽ, സംഭവത്തിൽ വരണാധികാരിയുടെ നിർദേശപ്രകാരം ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായും വിഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കിയതായും തെരഞ്ഞെടുപ്പ് കമീഷന്‍റെ അഭിഭാഷകൻ അറിയിച്ചു. ഈ ഘട്ടത്തിലാണ് ഇത് സമൂഹത്തിലുണ്ടാക്കുന്ന ആഘാതം നീക്കുന്നതെങ്ങിനെയെന്ന് കോടതി വാക്കാൽ ചോദിച്ചത്. വിദ്വേഷ പരാമർശങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ എന്തു നടപടിയാണ് സ്വീകരിക്കാനാവുകയെന്നും കോടതി ചോദിച്ചു.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ബോധ്യമായാൽ സ്ഥാനാർഥിയെ വിലക്കുന്നതടക്കം നടപടികൾ സ്വീകരിക്കാനാകുമെന്ന് കമീഷൻ വിശദീകരിച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട വേറെയും കേസുകൾ ഈ ദിവസങ്ങളിൽ എടുത്തിട്ടുണ്ടെന്നും കമീഷൻ വ്യക്തമാക്കി. ലംഘനങ്ങളുണ്ടായാൽ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാമെന്നും തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയതിനാൽ വിഷയത്തിൽ നിരീക്ഷണങ്ങൾ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

