Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി. ഗോപാലകൃഷ്ണന്‍റെ...

ബി. ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയാണ് തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചത്? - ഹൈകോടതി

text_fields
bookmark_border
ബി. ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയാണ് തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചത്? - ഹൈകോടതി
cancel

കൊച്ചി: ബി. ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ഹൈകോടതി. മാതൃകാപെരുമാറ്റ ചട്ടം എന്തിനാണെന്നും കോടതി ചോദിച്ചു. നടപടി തുടങ്ങിയിട്ടുണ്ടെന്നും വിഡിയോ നീക്കം ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചു.

കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ഗോകുൽ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ചോദ്യം. ബി.ജെ.പിയുടെ ഗുരുവായൂരിലെ സ്ഥാനാർഥിയായ ബി. ഗോപാലകൃഷ്ണൻ കഴിഞ്ഞ 25 കൊല്ലമായി ഗുരുവായൂരിൽ ഹിന്ദു എം.എൽ.എ ഉണ്ടായിട്ടില്ല എന്നതടക്കമുള്ള വിദ്വേഷ പരാമർശങ്ങളാണ് നടത്തിയത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾക്ക് എതിരാണ്, അദ്ദേഹത്തെ അയോഗ്യനാക്കണം തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.

കോടതിയുടെ ഉത്തരവുകൾ നടപ്പാക്കുന്നത് പോലും പെരുമാറ്റ ചട്ടത്തിന്‍റെ പേരിൽ മാറ്റിവെക്കുകയാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ ഈ വിഷയത്തിൽ നിങ്ങൾ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷനും ഗോകുൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലും രണ്ട് മാസത്തിനുള്ളിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നായിരുന്നു വിവാദങ്ങൾക്ക് ശേഷവും ഗോപാലകൃഷ്ണന്‍റെ നിലപാട്. വർഗീയ പരാമർശം നടത്തിയതിനെ തുടർന്ന് ഗോപാലകൃഷ്ണനെതിരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്തിരുന്നു. ഗുരുവായൂരപ്പനില്‍ വിശ്വസിക്കാത്തവര്‍ക്ക് വോട്ടില്ലെന്ന് പറയാന്‍ ഭക്തര്‍ തയാറാകണമെന്നാണ് എന്‍.ഡി.എ ആവശ്യപ്പെടുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ വന്ന് ഈ ബിംബത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയാന്‍ ഗുരുവായൂരിലെ എം.എല്‍.എയെ താന്‍ വെല്ലുവിളിക്കുകയാണ്.

48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എം.എല്‍.എയെ നിയമസഭയിലേക്ക് അയച്ചിട്ടില്ല.

ഗുരുവായൂരില്‍ പ്രചാരണത്തിനെത്തിയ ശേഷം ക്ഷേത്രദര്‍ശനം നടത്തി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചിരുന്നു. വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന പെരുമാറ്റച്ചട്ടത്തിലെ കർശന നിർദേശം ഗോപാലകൃഷ്ണൻ ലംഘിച്ചതായി അധികൃതർ കണ്ടെത്തിയിരുന്നു. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുതെന്ന ചട്ടവും ലംഘിക്കപ്പെട്ടു.

കൊടുങ്ങല്ലൂരമ്മയുടെ നടയില്‍നിന്ന് താന്‍ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാന്‍ ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും അദ്ദേഹം വിഡിയോയില്‍ പറയുന്നുണ്ട്. കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വര്‍ഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്.

ഇത്തരം ശക്തികളെ ആട്ടിയോടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാന്‍ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtHate SpeechB. Gopalakrishnan
News Summary - What action did the Election Commission take regarding B. Gopalakrishnan's hate speech? - High Court
Next Story