സമരക്കാർ ഹൈഡ്രജൻ ട്രെയിൻ ആക്രമിച്ചെന്ന പച്ചക്കള്ളവുമായി ബി. ഗോപാലകൃഷ്ണൻ; കാവിപ്പട വാട്സാപ്പിൽ വരുന്നത് ഇവിടെ പറയരുതെന്ന് അവതാരകൻ
text_fieldsകോഴിക്കോട്: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി നടത്തുന്ന സമരത്തിനിടെ ഹൈഡ്രജൻ ട്രെയിനിനെ ആക്രമിച്ചെന്ന പച്ചക്കള്ളം ഏറ്റുപിടിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. ഇന്നലെ നടന്ന ചാനൽ ചർച്ചയിലാണ് ഈ വ്യാജ ആരോപണം ഗോപാലകൃഷ്ണൻ ഉന്നയിച്ചത്. കാവിപ്പട വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ വരുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്നും ഇത്തരം കള്ളങ്ങൾ ചാനൽ ചർച്ചയിൽ പറയരുതെന്നും അവതാരകൻ അഭിലാഷ് മോഹൻ വിലക്കി.
‘ഈ ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞ് കത്തിക്കാൻ ശ്രമം നടത്തിയത് ആരാ? ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനാണ് ആക്രമിക്കപ്പെട്ടത്. ഡൽഹിയിലെ സമരവുമായി ബന്ധപ്പെട്ട് അക്രമം അഴിച്ചുവിടാനാണ് നീക്കം’ -എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ആരോപണം. എന്നാൽ, ഇത് ഡൽഹിയിൽ നടന്നതല്ലെന്നും ബിഹാറിലെ പട്നയിൽ നടന്നതാണെന്നും മാധ്യമപ്രവർത്തകൻ വ്യക്തമാക്കി. കാവിപ്പട വാട്സാപ്പ് യൂണിവേഴ്സിറ്റി ഗ്രൂപ്പിൽ വരുന്ന സംഗതികളെല്ലാം ഇവിടെ എടുത്തു പറയരുതെന്നും അദ്ദേഹം പരിഹസിച്ചു.
‘ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾ ഹൈഡ്രജൻ ട്രെയിനിന് നേരെ ആക്രമണം നടത്തിയിട്ടില്ല. അത് ബീഹാറിൽ കുറച്ചു ദിവസം മുമ്പ് നടന്ന കാര്യമാണ്. വ്യത്യസ്തമായ സാഹചര്യത്തിലാണ് സംഭവം ഉണ്ടായിട്ടുള്ളത്’ -അഭിലാഷ് മോഹൻ പറഞ്ഞു.
ഡൽഹിയിൽ ഹൈഡ്രജൻ ട്രെയിൻ ആക്രമിച്ചു എന്നത് വ്യാജാരോപണമാണെന്ന് വ്യക്തമാക്കി മലയാളി മാധ്യമപ്രവർത്തകൻ എൻ.പി.സി രംജിത്തും രംഗത്തെത്തി. തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകൾ പ്രചരിപ്പിച്ച്, ഡൽഹിയിൽ കോക്രോച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. കുറിപ്പിൽ നിന്ന്: ‘കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിനിന് പ്രക്ഷോഭക്കാർ കല്ലെറിഞ്ഞുവെന്നു പറഞ്ഞ് പ്രചരിപ്പിക്കുന്ന വിഡിയോ അക്കൂട്ടത്തിലൊന്നാണ്. ഇവർ കുട്ടികളല്ല, ഗുണ്ടകളാണെന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ബിജെപിയുടെ മുൻ രാജ്യസഭാംഗവും ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയുമായിരുന്ന രേഖ ശർമ ഈ വിഡിയോ പങ്കുവച്ചത്. ഇതു ജനാധിപത്യമല്ല, നശീകരണമാണെന്ന കുറിപ്പോടെ ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദിയും ഇൻസ്റ്റഗ്രാമിൽ ഇതേ വിഡിയോ പോസ്റ്റ് ചെയ്തു. സിജെപി പ്രവർത്തകർ നടത്തിയ അക്രമമെന്ന തരത്തിൽ ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും വിഡിയോ നൽകിയിട്ടുണ്ട്.
യഥാർഥത്തിൽ ഈ വിഡിയോ ബിഹാറിലെ പാടലീപുത്ര റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ്. സംസ്ഥാന പൊലീസിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തിയ പരീക്ഷയ്ക്കു പോകാൻ കാത്തുനിന്ന ഉദ്യോഗാർഥികൾ ട്രെയിൻ വൈകിയതിൽ പ്രകോപിതരായി കല്ലെറിയുകയായിരുന്നു. കഴിഞ്ഞ മാസം 14നായിരുന്നു സംഭവം. ഈ വിഡിയോ രണ്ടു ദിവസമായി വ്യാപകമായി പ്രചരിച്ചതോടെ ഹൈഡ്രജൻ ട്രെയിൻ ഓടുന്നുണ്ടോ എന്ന ചോദ്യമുയർന്നു. ഇതോടെ വിശദീകരണവുമായി നോർത്തേൺ റെയിൽവേ രംഗത്തെത്തി. ഹൈഡ്രജൻ ട്രെയിനിനു നേരെ കല്ലേറുണ്ടായിട്ടില്ലെന്നും സർവിസ് മുടങ്ങിയിട്ടില്ലെന്നും പ്രചരിക്കുന്നത് പഴയ വിഡിയോ ആണെന്നും റെയിൽവേ വ്യക്തമാക്കി.
കോക്രോച് ജനതാപാർട്ടിയുടെ സമൂഹമാധ്യമ പേജുകൾക്ക് അതിവേഗം ഫോളോവർമാരെ ലഭിച്ചപ്പോൾ അവരിൽ വലിയ പങ്കും പാകിസ്താനിൽ നിന്നാണെന്നായിരുന്നു ബിജെപി വാദം. എന്നാൽ ഓരോ രാജ്യത്തു നിന്നുമുള്ള ഫോളോവർമാരുടെ എണ്ണമുള്ള മെറ്റയുടെ ഡേറ്റ പുറത്തുവിട്ടാണ് സിജെപി ഇതിനെ പ്രതിരോധിച്ചത്.
സമരത്തിന്റെ മുഖമായി മാറിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിനെ രാജ്യദ്രോഹിയായി മുദ്രകുത്താനും നീക്കം നടക്കുന്നുണ്ട്. ഇന്ത്യയെ ആക്രമിച്ചാൽ ചൈനീസ് സൈന്യത്തിന് വഴികാട്ടുമെന്നു പറഞ്ഞയാളാണ് സോനം എന്നാണു പ്രചാരണം. ലഡാക്കിനു സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെ ഒരു ഹാസ്യതാരം പറഞ്ഞ കാര്യം വിവരിക്കുന്നതിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്താണ് ഇത്തരമൊരു വിഡിയോ തയാറാക്കിയത്. സമരത്തിനു വിദേശത്തു നിന്ന് ഫണ്ട് വരുന്നുവെന്നും വ്യാപകമായി പ്രചരിപ്പിക്കുന്നു.
ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്തവർ സാമൂഹികവിരുദ്ധരാണെന്ന വാദവും ഉയർത്തുന്നുണ്ട്. തകർത്ത പൊലീസ് വാഹനങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് പ്രചാരണം. പൊലീസ് നടപടിയെത്തുടർന്നുണ്ടായ സംഘർഷത്തിൽ പ്രകോപിതരായി പ്രക്ഷോഭക്കാർ വാഹനങ്ങളും ബാരിക്കേഡുകളും തകർത്തിട്ടുണ്ടെന്നത് വാസ്തവമാണ്. എന്നാൽ ഇതിൽ പൊലീസിനും വലിയ പങ്കുണ്ടെന്നു തെളിയിക്കുന്ന വിഡിയോകളാണ് വിദ്യാർഥികൾ പോസ്റ്റ് ചെയ്യുന്നത്. ലാത്തികൊണ്ട് കാറിന്റെ ചില്ലു തകർക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും വിദ്യാർഥികൾക്കുനേരെ കല്ലെറിയുന്ന പൊലീസ്, റാപിഡ് ആക്‌ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരുടെ വിഡിയോകളും പിരിഞ്ഞു പോകുന്ന പെൺകുട്ടികയുടെ പിന്നിൽ ലാത്തികൊണ്ട് കുത്തുന്ന പൊലീസുകാരന്റെയും വിഡിയോകൾ പോസ്റ്റ് ചെയ്താണ് സിജെപി ഇതിനെ പ്രതിരോധിക്കുന്നത്’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

