ബി. അശോകിന് കൃഷി വകുപ്പ് സെക്രട്ടറിയായി തുടരാം; സ്ഥലം മാറ്റത്തിന് സ്റ്റേ
text_fieldsകൊച്ചി: തദ്ദേശ ഭരണ പരിഷ്കരണ കമീഷൻ അധ്യക്ഷനായി നിയമിക്കപ്പെട്ട ബി. അശോകിന് കൃഷി പ്രിൻസിപ്പൽ സെക്രട്ടറി, കാർഷികോൽപാദന കമീഷണർ സ്ഥാനത്തുതന്നെ തുടരാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ (സി.എ.ടി) അനുമതി.
കമീഷൻ അധ്യക്ഷനായി നിയമിച്ചത് ചോദ്യം ചെയ്ത് അശോക് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ. ഹരിപാൽ, വി. രമ മാത്യു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹരജി വീണ്ടും പരിഗണിക്കുന്ന ജനുവരി 24 വരെ നിലവിലെ സ്ഥാനങ്ങളിൽ തുടരാനാണ് സി.എ.ടിയുടെ നിർദേശം. സർക്കാർ മറുപടി വിശദീകരണ പത്രിക നൽകുന്നതുവരെ തൽസ്ഥിതി തുടരാനും നിർദേശിച്ചിട്ടുണ്ട്. സർക്കാർ നടപടി ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് ബി. അശോക് ഹരജി നൽകിയത്. പ്രിൻസിപ്പൽ സെക്രട്ടറി തസ്തികക്ക് സമാനമല്ല തദ്ദേശ ഭരണ പരിഷ്കരണ കമീഷൻ അധ്യക്ഷൻ തസ്തിക.

