സുരക്ഷ ജീവനക്കാരില്ലാതെ അഴീക്കൽ ബീച്ച്
text_fieldsഞായറാഴ്ച അഴീക്കൽ ബീച്ചിൽ അപകടകരമായ നിലയിൽ ആളുകൾ കടലിൽ ഇറങ്ങിനിൽക്കുന്നു
കൊല്ലം: ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികൾ വരുന്ന കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിൽ ആവശ്യത്തിന് സുരക്ഷ ജീവനക്കാരില്ല. ഞായറാഴ്ച വൈകീട്ട് മൂന്നിനും നാലരക്കുമിടയിൽ അഞ്ഞൂറിലധികം വിനോദ സഞ്ചാരികളാണുണ്ടായിരുന്നത്. തിരമാലകളിൽ പലരും അകപ്പെടുന്ന സ്ഥിതിയുമുണ്ടായി. ഈ സമയം ടൂറിസം വകുപ്പിന് കീഴിലുള്ള ലൈഫ് ഗാർഡുകളോ പൊലീസുകാരോ ഉണ്ടായിരുന്നില്ല.
ടൂറിസം വകുപ്പിന് കീഴിലുള്ള രണ്ട് ലൈഫ് ഗാർഡുകളാണ് സമയക്രമം അനുസരിച്ച് അഴീക്കലിൽ ഡ്യൂട്ടി ചെയ്യുന്നത്. എന്നാൽ, ഞായറാഴ്ച വൈകീട്ട് ഇവരുടെ സേവനമില്ലായിരുന്നു. വൈകീട്ട് ഡ്യൂട്ടിയിലുണ്ടാകേണ്ട ലൈഫ് ഗാർഡിന് ആരോഗ്യപ്രശ്നമുണ്ടായതിനെതുടർന്ന് അവധിയെടുക്കേണ്ടി വന്നു. ഇതോടെ പകരം ആളുണ്ടായില്ല. നേരത്തെ, രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴുവരെ 12 മണിക്കൂറായിരുന്നു ലൈഫ് ഗാർഡുമാരുടെ ഡ്യൂട്ടി സമയം.
ജോലി ഭാരമെന്ന് വ്യക്തമായതോടെ എട്ട് മണിക്കൂറാക്കി ചുരുക്കി. അഴീക്കലിൽ രാവിലെ ഏഴിന് ജോലിക്ക് കയറുന്ന ആദ്യത്തെയാൾ വൈകീട്ട് മൂന്ന് വരെയും രണ്ടാമത്തെയാൾ രാവിലെ 11 മുതൽ വൈകീട്ട് ഏഴ് വരെയുമാണ് ജോലിയെടുക്കുന്നത്. ബീച്ചിലെ തിരക്ക് അനുസരിച്ച് നാല് ലൈഫ് ഗാർഡുമാരെങ്കിലും ദിനംപ്രതി ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടതുണ്ടെന്നാവശ്യമാണ് ഉയരുന്നത്.

