നൂറ്റാണ്ടിെൻറ ആചാര്യൻ
text_fieldsഡോ. ആസാദ് മൂപ്പൻ, ഫൗണ്ടർ ചെയർമാൻ (ഡി.എം ഹെൽത്ത് കെയർ)
100 ാം പിറന്നാൾ ദിനത്തിൽ ആദരവുമായി 'മാധ്യമം' പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ നിന്ന്
ആയുസ്സിെൻറ വേദമായ ആയുർവേദത്തിെൻറ ആചാര്യനെന്ന പദവിക്ക് എന്തുകൊണ്ടും അർഹനായിരുന്നു പി.കെ. വാര്യർ. കർമം എന്നത് പ്രവൃത്തി മാത്രമല്ല, ജീവിതചര്യകൂടിയാണ് എന്ന് സ്വയം മാതൃകയായി നമുക്ക് മുന്നിൽ തുറന്ന് കാണിച്ച അസാമാന്യ വ്യക്തിത്വമാണദ്ദേഹം. തൊട്ടടുത്ത നാട്ടുകാർ കൂടിയായതിനാലായിരിക്കണം ചെറുപ്പം മുതലേ അദ്ദേഹത്തെ അറിയാനും പിന്നീട് അടുത്തറിയാനും സാധിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും വിഭിന്നങ്ങളായ ആശയഗതികളെ പ്രതിനിധാനം ചെയ്യുന്നു എന്ന് വാദിക്കുന്നവരിൽനിന്ന് മാറിചിന്തിക്കുവാനും ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും പരസ്പര പൂരകങ്ങളാണ് എന്ന് വിശ്വസിക്കാനും എന്നെ പ്രേരിപ്പിച്ചതും ഒരുപക്ഷേ, പി.കെ. വാര്യർ എന്ന ഈ അതുല്യപ്രതിഭയോടുള്ള അടുപ്പമോ ആദരവോ ആയിരിക്കാനിടയുണ്ട്.
ആര്യവൈദ്യശാലയുടെ ആസ്ഥാനമായ കോട്ടക്കലിൽ ഞങ്ങളുടെ ഹോസ്പിറ്റൽ സഹകരണത്തോടെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ആധികാരികതയോടെ മുന്നിലേക്ക് കൊണ്ടുപോകാൻ സാധിച്ചിട്ടുണ്ട്. വിദേശങ്ങളിൽനിന്ന് ഞങ്ങളുടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന ധാരാളം രോഗികൾക്ക് കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയൊരുക്കാനും അദ്ദേഹത്തിെൻറയും സ്ഥാപനത്തിെൻറയും കൈപ്പുണ്യം അനുഭവിക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്. അതുപോലെതന്നെ തിരിച്ചും. പരസ്പരം ഒരിക്കലും നിഷേധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാറില്ല എന്നതാണ് ഈ ആത്മബന്ധത്തെ ദൃഢപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ണി എന്ന് ഞാൻ മനസ്സിലാക്കുന്നു.
പലതവണയായുള്ള സംഭാഷണങ്ങൾക്കിടയിലും അദ്ദേഹത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചപ്പാടായി ഞാൻ മനസ്സിലാക്കിയത് മനുഷ്യെൻറ അസുഖങ്ങൾക്കുള്ള പ്രധാന കാരണം 'ഉദരനിമിത്തം' ആണ് എന്നതാണ്. ഭക്ഷണകാര്യത്തിൽ ശ്രദ്ധപുലർത്തിയാൽ തന്നെ പരമവാധി അസുഖങ്ങളെ മറികടക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ബാക്കി കാര്യങ്ങൾ ദിനചര്യകളിലൂടെയും അതിജീവിക്കാൻ സാധിക്കും. ഞങ്ങളുടെ ഓരോ പ്രധാനപ്പെട്ട ചടങ്ങുകളിലും പിന്നിടുന്ന നാഴികക്കല്ലുകളിലും സ്നേഹ സാന്നിധ്യമായി അദ്ദേഹമുണ്ടായിരുന്നു.