Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പാർട്ടി കോട്ടകൾ...

‘പാർട്ടി കോട്ടകൾ നെഞ്ചുപൊട്ടിയാവണം സ്വന്തം ചിഹ്നത്തെ മാറ്റിനിർത്തി വോട്ടു ചെയ്തത്, രോഗംഗ്രസിച്ച കോശങ്ങൾ മുറിച്ചുമാറ്റാനുള്ള സർജറിയാണത്’; ചികിത്സ നൽകിയില്ലെങ്കിൽ അന്ത്യം ഉറപ്പെന്ന് ഡോ. ആസാദ്

text_fields
bookmark_border
‘പാർട്ടി കോട്ടകൾ നെഞ്ചുപൊട്ടിയാവണം സ്വന്തം ചിഹ്നത്തെ മാറ്റിനിർത്തി വോട്ടു ചെയ്തത്, രോഗംഗ്രസിച്ച കോശങ്ങൾ മുറിച്ചുമാറ്റാനുള്ള സർജറിയാണത്’; ചികിത്സ നൽകിയില്ലെങ്കിൽ അന്ത്യം ഉറപ്പെന്ന് ഡോ. ആസാദ്
cancel

കോഴിക്കോട്: പാർട്ടി കോട്ടകളായ കണ്ണൂരും കൊല്ലവും ആലപ്പുഴയും കോഴിക്കോടും നെഞ്ചുപൊട്ടിയാവണം സ്വന്തം ചിഹ്നത്തെ മാറ്റിനിർത്തി വോട്ടു ചെയ്തതെന്ന് ഇടതു ചിന്തകനും എഴുത്തുകാരനുമായ ഡോ. ആസാദ്. രോഗംഗ്രസിച്ച കോശങ്ങൾ മുറിച്ചുമാറ്റാനുള്ള അടയാളപ്പെടുത്തലാണത്. അതു മനസ്സിലാക്കി വേണ്ട ചികിത്സ നൽകിയില്ലെങ്കിൽ അനിവാര്യമായ അന്ത്യത്തിലേക്ക് പതിക്കുമെന്നുറപ്പ് ഉറപ്പാണെന്നും സി.പി.എമ്മിന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ഏത് തീവ്രവലതുപക്ഷ പാർട്ടിയെയും പിറകിലാക്കുന്ന വലതുപക്ഷ ജീർണതകൾ വിഴുങ്ങിയ സി.പി.എമ്മിന്റെ തിണർപ്പുകളും വ്രണങ്ങളും അതുണ്ടാക്കുന്ന ദുർഗന്ധവും രോഗവും ഒരു പി.ആർ ഏജൻസിയുടെ സുഗന്ധദ്രവ്യംകൊണ്ടും ഇല്ലാതാക്കാനായില്ല. അസഹ്യമായപ്പോൾ അടിത്തട്ടിലെ ചെങ്കൊടിഹൃദയങ്ങൾ പാർട്ടിയെ രക്ഷിക്കാൻ രംഗത്തെത്തുന്നതാണ് ഇപ്പോൾ കണ്ടതെന്നും അധികാരമല്ല പാർട്ടിയാണ് മുഖ്യം എന്ന് അവർ വിധി എഴുതുന്നുവെന്നും ഡോ. ആസാദ് ഫേസ് ബുക് കുറിപ്പിൽ വിശദീകരിച്ചു.

കോൺഗ്രസ് വിമുക്ത കേരളം എന്ന ആശയം മുൻനിർത്തിയുള്ള തീവ്രവലതു രാഷ്ട്രീയത്തിന്റെയും ഇസ്‍ലാമോഫോബികും ദളിത് വിരുദ്ധവുമായ ജാതിഹിന്ദുത്വ വിഭജനരാഷ്ട്രീയത്തിന്റെയും തീവ്രവലത് അക്രമങ്ങൾക്കെതിരെ ജനങ്ങൾ ഐക്യപ്പെട്ടു. ആ മുന്നേറ്റത്തിലും മൂന്നു താമരകൾ വിരിഞ്ഞു എന്നതും അവ എൽ.ഡി.എഫ് കൂട്ടുചേർന്ന കോൺഗ്രസ് വിമുക്ത സ്വർഗമെന്ന പ്രചാരണങ്ങളുടെ പഴുതുകളിൽ പറ്റിയാണ് തലപൊക്കിയതെന്നും കാണാതിരുന്നുകൂടാ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടു​ന്നു

എഫ്.ബി പോസ്റ്റിന്റെ പൂർണരൂപം

'എന്റെ വോട്ട് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാണൻ നിലനിർത്താനുള്ളതാണ്' എന്ന് വോട്ട് ചെയ്യുംമുമ്പ് ഞാൻ എഴുതിയിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പുഫലം വന്നുകാണുമ്പോൾ അത് എന്റെമാത്രം ആലോചനയായിരുന്നില്ലെന്ന് വ്യക്തമാകുന്നു. കമ്യൂണിസ്റ്റ് പാർട്ടി ശക്തമായ ഇടങ്ങളിലെല്ലാം സാധാരണ സഖാക്കൾ അങ്ങനെ ചിന്തിച്ചു. എൽ ഡി എഫ് ഇടതുവഴിയിൽനിന്ന് അകന്ന് ഒരുമട്ട് തീവ്രവലതുവഴിയിൽ എത്തിയതായി ആശങ്കപ്പെടുകയോ ഭയക്കുകയോ ചെയ്തു. അവസാനശ്രമം എന്ന നിലയിൽ വോട്ടവകാശം ഉപയോഗിക്കാനും എൽ ഡി എഫിന് കടുത്ത ഷോക്കേൽപ്പിക്കാനും നിശ്ചയിച്ചു. പൊതുവായ ഒരു നേതൃത്വമോ പ്രഖ്യാപനമോ ഇല്ലാതെ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയബോദ്ധ്യമാർന്ന മനുഷ്യർ ഒരേവിധം ചേർന്നു പ്രവർത്തിച്ചതിന്റ ഗുണഫലംകൂടിയാണ് ഈ തെരഞ്ഞെടുപ്പുഫലം.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമെടുത്താൽ അതിൽ പതിനഞ്ചുവർഷവും കേരളം ഭരിച്ചത് എൽ ഡി എഫാണ്. മുഖ്യഭരണകക്ഷിയുടെ സെക്രട്ടറി എന്ന നിലയിൽ അഞ്ചു വർഷവും പിന്നീട് മുഖ്യമന്ത്രി എന്ന നിലയിൽ പത്തുവർഷവും കേരള ഭരണം നിയന്ത്രിച്ചത് പിണറായി വിജയനാണ്. മുൻകാലങ്ങളിൽനിന്ന് നിലപാടിലും സമീപനത്തിലും വലിയ മാറ്റങ്ങൾ വന്നു. തൊണ്ണൂറുകളിൽ പാർട്ടിയിലെ പ്രത്യയശാസ്ത്ര വിവാദങ്ങളും വേർതിരിയലുകളും കഴിഞ്ഞ് വലതുവ്യതിയാനം ദൃഢപ്പെടുത്തുന്നതിൽ ശക്തമായ നേതൃത്വം നൽകിയ നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ കേരള ഗോർബച്ചോവെന്ന് വി എസ്സിനുപോലും വിശേഷിപ്പിക്കേണ്ടി വന്നു.

ആ വ്യതിയാനവും അതുവഴി കടന്നുകയറിയ മുതലാളിത്ത വികസന വെമ്പലുകളും അതിന്റെ ഉപദംശങ്ങളുടെ രുചിനുണയലുകളും പാർട്ടിയെ തൊഴിലാളിവർഗ വിമോചന പാർട്ടിയല്ലാതാക്കി. എന്തിനുവേണ്ടി രൂപീകരിക്കപ്പെട്ടു എന്ന് പാർട്ടിപരിപാടി പറയുന്നുവോ ആ ലക്ഷ്യത്തിന് കൊള്ളാത്ത പാർട്ടിയായി സി പി എം അതിവേഗം മാറി. ഏത് തീവ്രവലതുപക്ഷ പാർട്ടിയെയും പിറകിലാക്കുന്ന വലതുപക്ഷ ജീർണതകൾ പാർട്ടിയെ വിഴുങ്ങി. അതിന്റെ തിണർപ്പുകളും വ്രണങ്ങളും അതുണ്ടാക്കുന്ന ദുർഗന്ധവും രോഗവും ഒരു പി ആർ ഏജൻസിയുടെ സുഗന്ധദ്രവ്യംകൊണ്ടും ഇല്ലാതാക്കാനായില്ല. അസഹ്യമായപ്പോൾ അടിത്തട്ടിലെ ചെങ്കൊടിഹൃദയങ്ങൾ പാർട്ടിയെ രക്ഷിക്കാൻ രംഗത്തെത്തുന്നതാണ് ഇപ്പോൾ കണ്ടത്. അധികാരമല്ല പാർട്ടിയാണ് മുഖ്യം എന്ന് അവർ വിധി എഴുതുന്നു.

പാർട്ടി കോട്ടകളായ കണ്ണൂരും കൊല്ലവും ആലപ്പുഴയും കോഴിക്കോടും നെഞ്ചുപൊട്ടിയാവണം സ്വന്തം ചിഹ്നത്തെ മാറ്റിനിർത്തി വോട്ടു ചെയ്തത്. അത് ഒരു സർജറിയാണ്. രോഗംഗ്രസിച്ച കോശങ്ങൾ മുറിച്ചുമാറ്റാനുള്ള അടയാളപ്പെടുത്തൽ. അതു മനസ്സിലാക്കി വേണ്ട ചികിത്സ നൽകിയില്ലെങ്കിൽ അനിവാര്യമായ അന്ത്യത്തിലേക്ക് പതിക്കുമെന്നുറപ്പ്.

കേരളത്തിന്റെ ചരിത്രത്തിൽ ഏത് മന്ത്രിസഭയ്ക്ക് ഇങ്ങനെയൊരു തിരിച്ചടി കിട്ടിയിട്ടുണ്ട്? പിണറായി മന്ത്രിസഭയിൽ മന്ത്രിമാരായി പ്രവർത്തിച്ച ഇരുപതോ ഇരുപത്തൊന്നോ പേരിൽ പതിനഞ്ചു പേരാണ് പരാജയപ്പെട്ടത്. മുഖ്യമന്ത്രിയും ഒപ്പമുള്ള മൂന്ന് സി പി എം മന്ത്രിമാരും കടന്നുകൂടിയത് പ്രയാസപ്പെട്ടാണ്. (സി പി ഐയുടെ നില അൽപ്പം ഭദ്രമാണ്. നാലു മന്ത്രിമാരിൽ മൂന്നുപേരും വിജയിച്ചു). എൽ ഡി എഫിന് ഏറ്റ ഈ കനത്ത ആഘാതത്തിന് പ്രധാന കാരണം ഇടതുപക്ഷ രാഷ്ട്രീയം കയ്യൊഴിഞ്ഞതാണ്. വലതു ജീർണതകളിൽ പുളഞ്ഞ് സ്വയം മറന്നതാണ്.

യു ഡി എഫ് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ടീം യുഡിഎഫ് എന്ന ഐക്യവും അതിലേക്ക് ഇടതു ജനാധിപത്യ ന്യൂനപക്ഷ മർദ്ദിത രാഷ്ട്രീയത്തെയാകെ ചേർത്തു നിർത്താനുള്ള സന്നദ്ധതയും വിജയം കണ്ടു. കോൺഗ്രസ് വിമുക്ത കേരളം എന്ന ആശയം മുൻനിർത്തിയുള്ള തീവ്രവലതു രാഷ്ട്രീയത്തിന്റെയും ഇസ്‍ലാമോഫോബികും ദളിത് വിരുദ്ധവുമായ ജാതിഹിന്ദുത്വ വിഭജനരാഷ്ട്രീയത്തിന്റെയും തീവ്രവലത് അക്രമങ്ങൾക്കെതിരെ ജനങ്ങൾ ഐക്യപ്പെട്ടു. ആ മുന്നേറ്റത്തിലും മൂന്നു താമരകൾ വിരിഞ്ഞു എന്നതും അവ എൽ ഡി എഫ് കൂട്ടുചേർന്ന കോൺഗ്രസ് വിമുക്ത സ്വർഗമെന്ന പ്രചാരണങ്ങളുടെ പഴുതുകളിൽ പറ്റിയാണ് തലപൊക്കിയതെന്നും കാണാതിരുന്നുകൂടാ.
ഇത് തെരഞ്ഞെടുപ്പ് വിശകലനമല്ല. പെട്ടെന്നുവന്ന പ്രതികരണം മാത്രമാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMDr AzadUDFPinarayi VijayanAzad MalayattilKerala Assembly Election 2026
News Summary - Azad Malayattil's FB Post on CPIM's defeat
Next Story