പാരഡിപ്പാട്ടിലെ രാഷ്ട്രീയ വിവാദം സി.പി.എമ്മിനെ തിരിച്ചടിക്കുന്നു; നിയമസഹായം വാഗ്ദാനംചെയ്ത് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തരംഗമായ ‘പോറ്റിയേ... കേറ്റിയേ... സ്വർണം ചെമ്പായ് മാറിയേ...’ പാരഡിപ്പാട്ടിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം സി.പി.എമ്മിന് തിരിച്ചടിയാകുന്നു. തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പാട്ട് അയ്യപ്പ ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയെന്ന തരത്തിൽ പാർട്ടി ചർച്ച ഉയർത്തുകയായിരുന്നു.
പാട്ടിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തൽ വകുപ്പ് ചുമത്തി രചയിതാവ് അടക്കം നാലുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതോടെ പാട്ടിന്റെ പിന്നണിക്കാർക്ക് നിയമസഹായമടക്കം വാഗ്ദാനം ചെയ്ത് കോൺഗ്രസും രംഗത്തെത്തി.
പാട്ടിനെ ആവിഷ്കാര സ്വാതന്ത്ര്യമായി ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും അനാവശ്യ പ്രതിഷേധമുയർത്തുന്നത് തിരിഞ്ഞുകൊത്തുമെന്നും അഭിപ്രായമുള്ളവർ ഇടതുപക്ഷത്ത് തന്നെയുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചില ചിത്രങ്ങൾക്ക് കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനുമെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധമുയർത്തിയത്. സിനിമയുടെ കാര്യത്തിൽ മോദി സർക്കാർ സ്വീകരിച്ച നിലപാടല്ലേ പാരഡിപ്പാട്ടിൽ പിണറായി സർക്കാർ കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എം.എൽ.എ ചോദ്യമുയർത്തുകയും ചെയ്തു.
പൊതുവിൽ ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെ വിമർശനമുയരുമ്പോൾ രംഗത്തുവരുന്ന ബി.ജെ.പിയും മറ്റു സംഘ്പരിവാർ സംഘടനകളും ആക്ഷേപമുന്നയിച്ചില്ലെന്നു മാത്രമല്ല വിശ്വാസങ്ങളെ പാട്ട് ഒരുതരത്തിലും വ്രണപ്പെടുത്തുന്നില്ലെന്നാണ് വ്യക്തമാക്കിയത്. മുൻ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ ഇടതുപക്ഷം ഭക്തിഗാന സംഗീതത്തോടെ പുറത്തിറക്കിയ പാട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. അന്ന് ഇതിലൊന്നും പ്രശ്നം തോന്നാതിരുന്ന സി.പി.എം ഇപ്പോൾ പരാതി ഉന്നയിക്കുന്നത് സമൂഹത്തിൽ വിഭാഗീയ പരത്താനാണെന്ന വിമർശനവും ഉയർന്നു.
നിയമസഹായം വാഗ്ദാനംചെയ്ത് കോൺഗ്രസ്
ആലപ്പുഴ: ‘പോറ്റിയെ കേറ്റിയേ’ എന്ന ഗാനമെഴുതിയ ജി.പി. കുഞ്ഞബ്ദുല്ലക്ക് കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോൺഗ്രസ് നൽകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. സംസ്ഥാനത്താകെ അലയടിക്കുന്ന പാരഡി ഗാനത്തിന്റെ ശിൽപിയായ ഖത്തറിലുള്ള കുഞ്ഞബ്ദുല്ലയുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. അത്രയേറെ ആകർഷിച്ച വരികൾക്ക് മനസ്സിൽതട്ടി അഭിനന്ദനമറിയിക്കുകയും ചെയ്തെന്ന് എം.പി അറിയിച്ചു.
ശാസ്താവിന്റെ സ്വർണം കൊള്ളയടിച്ചവർ ഇന്നും പാർട്ടിക്കുള്ളിൽ എല്ലാ പദവികളും നിലനിർത്തി അധികാരം ആസ്വദിക്കുകയാണ്. വിശ്വാസത്തെ മുറിവേൽപിച്ച് അവർ നടത്തിയ കൊള്ളയാണ് കുറ്റകരം. ആ കൊള്ളയെ പാട്ടാക്കിയവർ വിശ്വാസത്തെ വ്രണപ്പെടുത്തിയവരാകുന്നത് ഭരണകൂട ഭീകരതയുടെ നേർച്ചിത്രമാണ്. സി.പി.എം അസഹിഷ്ണുതയുടെ വക്താക്കളായി മാറിയെന്നതിന് ഈ ഗാനം ഏറ്റവും മികച്ച ഉദാഹരണമാവുകയാണെന്ന് കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

