‘അയ്യപ്പ സംഗമത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം, പരിപാടി തടയണം’; ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹരജി
text_fieldsസുപ്രീംകോടതി
ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ആരോപിച്ച് അയ്യപ്പ ഭക്തനായ ഡോ. പി.എസ്. മഹേന്ദ്ര കുമാറാണ് ഹരജി നൽകിയത്.
ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും പരിപാടി തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. അയ്യപ്പസംഗമം സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പരിപാടിയാണ്. നിരീശ്വരവാദികളായ രാഷ്ട്രീയക്കാരെ സംഗമത്തിലേക്ക് ക്ഷണിച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്ന് മതേതര്വതം ആണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം കഴിയില്ല. ദേവസ്വംബോര്‍ഡ് ഫണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ, പ്രചാരണങ്ങള്‍ക്കോ വിനിയോഗിക്കാന്‍ പാടില്ലെന്നും ഹരജിയിൽ പറയുന്നു. ഈ മാസം 20ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് കഴിഞ്ഞദിവസം ഹൈകോടതി അനുമതി നൽകിയിരുന്നു. വിഷയത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ കോടതി പമ്പയുടെ വിശുദ്ധി സംരക്ഷിക്കണമെന്ന് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചു. സംഗമത്തിന്റെ ഭാഗമായി പമ്പയില്‍ സ്ഥിരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്.
കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണം. 45 ദിവസത്തിനുള്ളില്‍ ഇത് ശബരിമല സ്‌പെഷല്‍ കമീഷണര്‍ക്ക് നല്‍കണം എന്നീ കോടതി നിർദേശിച്ചിരുന്നു. ഭക്തിയുടെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ നടത്തുന്ന രാഷ്ട്രീയവും വാണിജ്യപരവുമായ പരിപാടിയാണ് ആഗോള അയ്യപ്പ സംഗമമെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹരജികള്‍ ഹൈകോടതിക്ക് മുമ്പാകെ എത്തിയിരുന്നു. അയ്യപ്പനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നുമാണ് ഹരജിക്കാരുടെ വാദം. എന്നാല്‍, അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാറും ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.
ശബരിമലയുടെ വികസനത്തിന് വേണ്ടിയാണ് സംഗമം നടത്തുന്നത് എന്നാണ് സർക്കാറിന്‍റെ വാദം. പരിപാടിയുടെ ഭാഗമായി നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നില്ല. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമലയുടെ മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിനായി 1300 കോടി രൂപയോളം വേണ്ടിവരും. റോപ് വേ അടക്കമുള്ള മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും ശബരിമലയില്‍ നടക്കുന്നുണ്ട്. ഇതിനൊക്കെ സഹായിക്കാന്‍ സന്നദ്ധരായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ അത് സ്വീകരിക്കേണ്ടതില്ലേ എന്നും സര്‍ക്കാര്‍ കോടതിയില്‍ ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

