'എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നത്, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ, എന്റെ വീട്ടിലേക്ക് കാളയുമായും കോഴിയുമായും പ്രകടനം'
text_fieldsതിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. അയ്യപ്പന്റെ നാല് കിലോ സ്വർണം അടിച്ചുമാറ്റിയവരാണ് അയപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
ഹൈകോടതി അറിയാതെ സർക്കാറിലെ ചിലരും ദേവസ്വം ബോർഡിലെ ചിലരും ചേർന്നാണ് നാല് കിലോ സ്വർണം കൊള്ളയടിച്ചത്. സ്വർണം എവിടെ പോയെന്ന് കേരളത്തിലെ അയ്യപ്പഭക്തരോട് പറയേണ്ട ബാധ്യത സർക്കാറിനുണ്ടെന്നും അതിന്റെ പാപം മറക്കാനാണോ ഇപ്പോൾ അയ്യപ്പ സംഗമം നടത്തുന്നതെന്നും വി.ഡി.സതീശൻ ചോദിച്ചു.
2019ൽ ശബരിമലയിൽ നിന്ന് ശരിയാക്കാനായി ചെന്നൈയിൽ കൊണ്ടുപോയ 42 കിലോ സ്വർണപ്പാളി തിരികെ കൊണ്ടുവന്നപ്പോൾ നാല് കിലോ കുറവുണ്ടായതിലാണ് അന്വേഷണം നടക്കുന്നത്. ദേവസ്വം വിജിലൻസ് കേസ് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നാണ് ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം, സി.പി.എം നേതാവ് കെ.ജെ.ഷൈനിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ താനാണെന്ന ആരോപണങ്ങൾക്കും സതീശൻ മറുപടി പറഞ്ഞു.
'ഇതുപോലുള്ള കേസുണ്ടായാൽ എന്തിനാണ് എന്റെ നെഞ്ചത്ത് കയറുന്നത്. എവിടെ ഇങ്ങനെത്തെ കേസുണ്ടായാലും പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് മാർച്ച്. ഞാൻ എന്ത് തെറ്റു ചെയ്തിട്ടാ. സംഭവം പുറത്തുവന്നത് എവിടെ നിന്നാണെന്ന് സി.പി.എം അന്വേഷിക്കട്ടെ. കോൺഗ്രസുകാർക്കെതിരെ സൈബർ ആക്രമണം നടന്നപ്പോൾ ഈ മാന്യതയൊന്നും സി.പി.എം കാണിച്ചിരുന്നില്ല. അന്ന് മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സംരക്ഷണം എന്നൊന്നും ആരും പറയുന്നത് കേട്ടിട്ടില്ലല്ലോ.
ഞങ്ങളുടെ മുന്നിൽ ഒരു കേസ് വന്നപ്പോൾ സ്ത്രീ സംരക്ഷണത്തിന് മുഖ്യ പ്രധാന്യം മനസിലാക്കി തന്നെയാണ് നടപടി സ്വീകരിച്ചത്. ഇത് എങ്ങനെയാണ് പുറത്തുപോയതെന്ന് കെ.എൻ. ഉണ്ണികൃഷ്ണന്റെ വാക്കുകളിൽ ഉണ്ട്. ഏത് യൂട്യൂബ് ചാനലിലാണ് ആദ്യം വന്നതെന്ന് അന്വേഷിക്കൂ. കോൺഗ്രസുകാർ ഈ വാർത്ത പങ്കുവെച്ചില്ലായെന്നും പറയുന്നില്ല. കഴിഞ്ഞ ഒരു മാസമായി നിലനിൽക്കുന്ന സി.പി.എം-കോൺഗ്രസ് സംഘർഷത്തിന്റെ ഭാഗമായി ചിലരൊക്കെ ചെയ്തിട്ടുണ്ടാകാം. അതിന് എന്റെ തലയിൽ വെക്കേണ്ട. എന്റെ വീട്ടിലേക്ക് കാളയുമായി പ്രകടനം. എന്റെ വീട്ടിലേക്ക് കോഴിയായി പ്രകടനം. ഞാനാണോ കേസിലെ പ്രതി' -സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

