അയ്യപ്പസംഗമം: വിട്ടുവീഴ്ചക്കില്ലെന്ന് ഇവന്റ് കമ്പനി, സ്പോൺസർമാരെ കിട്ടാതെ ദേവസ്വം ബോർഡ്
text_fieldsതിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ചെലവായ തുക മുഴുവൻ ലഭിക്കണമെന്ന നിലപാടിലുറച്ച് ഇവന്റ് മാനേജ്മെന്റ് കമ്പനി, സ്പോൺസർഷിപ്പ് കിട്ടാതെ വലഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡും.
എങ്ങനെയെങ്കിലും വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിക്കുമ്പോഴും കൂടുതൽ കുരുങ്ങുന്ന അവസ്ഥയിലാണ് ദേവസ്വം ബോർഡ്. സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 55 ലക്ഷം രൂപ കൂടി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് കീഴിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഐ.ഐ.ഐ.സിക്ക് ദേവസ്വം ബോർഡ് നൽകി.
ബാക്കിയുളള 1.06 കോടി സ്പോൺസർമാരെ കിട്ടിയാൽ മാത്രം കൈമാറാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. അയ്യപ്പസംഗമത്തിന് 7.11 കോടി രൂപ ചെലവായെന്നും ആ തുക ലഭിക്കണമെന്നുമുള്ള നിലപാടിലാണ് ഐ.ഐ.ഐ.സി. എന്നാൽ 4.75 കോടി രൂപയാണ് പരിപാടിക്ക് ചെലവായതെന്നും ആ തുക നൽകാമെന്നുമാണ് ബോർഡ് കമ്പനിക്ക് നൽകിയ ഉറപ്പ്. അതിൽ 3.69 കോടി രൂപയാണ് നൽകിയത്.
അതിന് പുറമേയാണ് 55 ലക്ഷം കൂടി കഴിഞ്ഞ ദിവസം കൈമാറിയത്. എന്നാൽ ഇനിയും ബോർഡ് വാഗ്ദാനം ചെയ്ത 1.06 കോടി രൂപ കൊടുക്കാനുണ്ട്. എന്നാൽ ഈ തുക എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് ദേവസ്വം ബോർഡിന് മുന്നിലെ വെല്ലുവിളി. വൻതുക നൽകാൻ സന്നദ്ധരായ സ്പോൺസർമാരെ കണ്ടെത്താനാകാത്തതാണ് ബോർഡിന് തലവേദനയായത്.
സ്പോൺസർഷിപ് വകയിൽ 3.85 കോടിയാണ് ലഭിച്ചത്. എന്നാൽ ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകാനുളളതും താമസച്ചെലവുമടക്കം ബോർഡ് കണക്കാക്കിയ 4.99 കോടിയിലെത്താൻ ഇനിയും സ്പോൺസർമാരെ കണ്ടെത്തേണ്ട അവസ്ഥയിലാണ്.
നിരവധി പേർ സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും, സംഗമത്തിന് രാഷ്ട്രീയ മുഖം നൽകിയതും സ്വർണക്കൊള്ള വിവാദവുമെല്ലാം സ്പോൺസർമാരെ പിന്നോട്ടുവലിച്ചു.
അദാനി മാത്രമാണ് വാഗ്ദാനം ചെയ്ത തുക പിന്നീട് നൽകിയത്. കെ. ജയകുമാർ പ്രസിഡന്റായതിനെ തുടർന്ന് സ്പോൺസർഷിപ്പിന് ശ്രമം നടത്തിയെങ്കിലും അതും വിജയം കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

