മുഖ്യമന്ത്രി അയ്യപ്പസ്വാമിയോടുള്ള സ്നേഹം പറഞ്ഞപ്പോള്‍ എനിക്കു പോലും ഭക്തി കൂടി -വി.ഡി. സതീശൻ
text_fieldsകൊച്ചി: മുഖ്യമന്ത്രി അയ്യപ്പസ്വാമിയോടുള്ള സ്നേഹം പറഞ്ഞപ്പോള്‍ തനിക്കു പോലും ഭക്തി കൂടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയെ കുറിച്ച് ഇതല്ലല്ലോ അദ്ദേഹം പണ്ടു പറഞ്ഞത്. ശബരിമലയില്‍ എന്തെല്ലാം കുഴപ്പമാണ് പണ്ട് ഉണ്ടാക്കിയത്? പൊലീസിനെയും ചില ആളുകളെയും ഉപയോഗിച്ച് എന്തെല്ലാമാണ് കാട്ടിയത്? -സതീശൻ ചോദിച്ചു.
‘ആര് എതിര്‍ത്താലും സി.പി.എം നവോത്ഥാനസമിതിയില്‍ നിന്നും പിന്‍മാറില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ 2019-ല്‍ തോറ്റ് തൊപ്പിയിട്ടപ്പോള്‍ വീടുകളില്‍ കയറി സി.പി.എം മാപ്പ് പറഞ്ഞു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ പ്രീണനമായിരുന്നു. ന്യൂനപക്ഷത്തിന്റെ ഭാഗത്ത് നിന്നും തിരച്ചടി കിട്ടിയപ്പോള്‍ ഭൂരിപക്ഷ പ്രീണനമാണ്. സംഘ്പരിവാറിനെ കൂടി ക്ഷണിക്കുമെന്നാണ് സി.പി.എം നിയോഗിച്ചിരിക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്.
സംഘ്പരിവാറിന് പ്രത്യേക പരവതാനി തന്നെ വിരിച്ചു കൊടുക്കണം. സംഘ്പരിവാറിനെ താലോലിക്കാനും ഭൂരിപക്ഷവര്‍ഗീയതയെ വളര്‍ത്താനും അയ്യപ്പന്റെ പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എന്റെ അനുവാദം ചോദിക്കാതെയാണ് അയ്യപ്പസംഗമത്തിന് പ്രതിപക്ഷ നേതാവ് ഉപരക്ഷാധികാരിയെന്ന തരത്തില്‍ സര്‍ക്കാര്‍ ഇന്ന് ഉത്തരവിറക്കിയത്. വിശ്വാസവഞ്ചനയും തട്ടിപ്പും കാണിക്കുന്നവര്‍ക്കൊപ്പം ഞങ്ങളില്ല. കേസുകളൊക്കെ പിന്‍വലിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പലരും ഇപ്പോഴും കോടതികള്‍ കയറിയിറങ്ങി നടക്കുകയാണ്. ഒരു കേസും പിന്‍വലിച്ചിട്ടില്ല. പറഞ്ഞതൊന്നും മുഖ്യമന്ത്രി ചെയ്യുന്നില്ല. തോന്നിയതു പോലെ പ്രവര്‍ത്തിക്കുകയാണ്’ -അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാവിനെതിരെ ഒരു സ്ത്രീ ഉന്നയിച്ച ആരോപണത്തില്‍ ബി.ജെ.പി നേതൃത്വം വിശദീകരിക്കട്ടെയെന്നും സ്ത്രീ ആരാണെന്ന് വെളിപ്പെടുത്തുന്ന തരത്തിലാണ് ആരോപണവിധേയന്‍ മറുപടി പറഞ്ഞതെന്നും സതീശൻ പറഞ്ഞു. ‘അത് ശരിയാണോയെന്ന് പരിശോധിക്കണം. സ്ത്രീയുടെ പരാതിയില്‍ എന്തു നടപടിയാണ് എടുക്കുന്നതെന്ന് ബി.ജെ.പി പറയട്ടെ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ വലിയ പൊട്ടിത്തെറിയായിരുന്നല്ലോ. അദ്ദേഹം എന്താണ് നടപടിയെടുക്കുന്നതെന്ന് കാണാമല്ലോ.
ഒരുപാട് വര്‍ത്തകള്‍ വരുമെന്നാണ് പറഞ്ഞത്. മാധ്യമങ്ങള്‍ അതിന് തിരക്ക് പിടിക്കേണ്ട. കാളയെ അഴിച്ചു വിടരുതെന്നും പാര്‍ട്ടി ഓഫീസിന് മുന്നില്‍ കെട്ടണമെന്നും ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ആ കാളയെ ആവശ്യം വന്നല്ലോ. കളയെ ഇനിയും ആവശ്യം വരും. കാളയെ എങ്ങോട്ടാണ് കൊണ്ടുപോകേണ്ടതെന്നും മാത്രം ആലോചിച്ചാല്‍ മതി. ബോംബ് എന്നൊക്കെ പറഞ്ഞത് മാധ്യമങ്ങളാണ്. സി.പി.എം സൂക്ഷിക്കണമെന്നും ബി.ജെ.പി കാളയെ അഴിച്ചു വിടരുതെന്നുമാണ് പറഞ്ഞത്’ -സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

