തോൽവിയിൽ മുഖ്യമന്ത്രിക്ക് ഹാലിളകി; പാരഡി പാട്ടിലെ കേസും വ്യാപക ബോംബ് നിര്‍മാണവും അതിന്റെ ഭാഗം -കെ. സുധാകരന്‍
text_fieldsകണ്ണൂർ: അധികാരം നഷ്ടപ്പെടുമെന്ന ഭീതി മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിച്ചെന്ന് കെ.പി.സി.സി മുൻ അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന സ്വപ്‌നം തകര്‍ത്തതോടെ ഹാലിളകിയ മുഖ്യമന്ത്രിയെയാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പാരഡി പാട്ടില്‍ കേസെടുത്തതും വ്യാപകമായ തോതില്‍ ബോംബ് നിര്‍മിക്കുന്നതുമൊക്കെ അതിന്റെ ഭാഗമാണ്.
പിണറായിയില്‍ ഇപ്പോള്‍ വ്യാപകമായ ബോംബ് നിര്‍മാണം നടന്നുവരുന്നു. അതിലൊന്നു പൊട്ടിയാണ് പാര്‍ട്ടിയുടെ വിശ്വസ്തനും കൊടുംക്രിമിനലുമായ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമാണ് വ്യാപമായ ബോംബ് നിര്‍മാണവും ആയുധശേഖരവും.
പോറ്റിയെ കേറ്റിയെ എന്ന പാരഡി പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടി ശുദ്ധ തെമ്മാടിത്തരമാണ്. സര്‍ഗാത്മക സൃഷ്ടിയെപ്പോലും ഭയക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ സിപിഎം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ വാദിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന സിപിഎമ്മാണ് പാരഡി ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകരെ വേട്ടയാടുന്നത്. കാരണഭൂതന്‍ എന്ന സ്തുതിഗീതം കേട്ട് ആത്മരതിപൂണ്ട പിണറായി വിജയനാണ് ഈ പാരഡി ഗാനത്തോട് അസഹിഷ്ണുത കാട്ടുന്നത്.
ബിജെപിയുമായുള്ള ചങ്ങാത്തം പിണറായി വിജയനെ തികഞ്ഞൊരു ഫാഷിസ്റ്റാക്കി. ഈ പാരഡി ഗാനത്തിന്റെ വരികള്‍ ആരെയെങ്കിലും അസ്വസ്ഥമാക്കുന്നുണ്ടെങ്കില്‍ അത് അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ച് ജയിലില്‍ കഴിയുന്ന പ്രതികളെയും അവരെ സംരക്ഷിക്കുന്നവരെയും മാത്രമാണ്. പലഘട്ടത്തിലായി അയപ്പഭക്തി ഗാനങ്ങളെ വികൃതമായി രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചവരാണ് സിപിഎമ്മും ബിജെപിയും. എന്നിട്ടാണ് സിപിഎം ഇപ്പോള്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്ന് വാദിക്കുന്നത്. ആചാരലംഘനം നടത്തി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ നേതാവിന്റെ പേരാണ് പിണറായി വിജയന്‍. വിശ്വാസികളുടെ വികാരത്തെ കുറിച്ച് പറയാനുള്ള എന്തു യോഗ്യതയാണ് പിണറായിക്കുള്ളതെന്നും സുധാകരന്‍ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

