കേരള മക്കൾക്ക് നൻട്രി സൊല്ലി അയ്യപ്പഭക്തർ മയിലാടുംതുറക്ക് മടങ്ങി
text_fieldsനാറാണംതോട് ബസ് അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശബരിമല തീര്‍ഥാടകരെ നാട്ടിലേക്ക് യാത്രയാക്കുന്ന കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍
പത്തനംതിട്ട: ബസ് അപകടത്തിൽപെട്ട മുറിവുകൾ ഭേദമായില്ലെങ്കിലും അയ്യപ്പഭക്തർ നാട്ടിലേക്ക് മടങ്ങുന്നതിനിടെ പലപ്രാവശ്യം പറഞ്ഞു. കേരള മക്കൾക്ക് നൻട്രി... ശബരിമല തീർഥാടനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ നാറാണംതോട്ടിൽ ബസ് അപകടത്തിൽ പെട്ടവർക്ക് നിമിഷങ്ങൾക്കുള്ളിലാണ് നാട്ടുകാരും ഉദ്യോഗസ്ഥ സംഘവും ആശ്വാസവുമായി ഓടിയെത്തിയത്. ‘നിങ്ങൾ നൽകിയ മാനസിക പിന്തുണയാണ് മുറിവുകൾ ഭേദമായില്ലെങ്കിലും കുട്ടികളും വയോധികരും ഉൾപ്പെട്ട ഞങ്ങളെ അപകടത്തിന്റെ ആഘാതത്തിൽനിന്ന് പുറത്തെത്തിച്ചത്’-രക്ഷപ്പെട്ടവരുടെ വാക്കുകൾ ഇങ്ങനെ.
ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയ വയനാട് സ്വദേശികളായ അയ്യപ്പഭക്തർ മുതൽ മന്ത്രിമാരും വൻ ഉദ്യോഗസ്ഥ സംഘവും നാട്ടിലേക്ക് തിരിക്കുന്നതുവരെ ഒപ്പമുണ്ടായിരുന്ന ആരോഗ്യ വകുപ്പ് - പൊലീസ് -ദേവസ്വം- ജില്ല ഭരണകൂടം തുടങ്ങി സർവരോടും തങ്ങൾ കടപ്പെട്ടിരിക്കുന്നെന്ന് സംഘാംഗമായ സ്വാമിനാഥൻ പറഞ്ഞു.
നാറാണംതോട്ടിൽ കഴിഞ്ഞ ചൊവ്വാഴ്ച ബസ് മറിഞ്ഞ് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ്നാട് മയിലാടുംതുറ സ്വദേശികളായ 24 പേരെയാണ് വ്യാഴാഴ്ച നാട്ടിലേക്ക് അയച്ചത്. പൊലീസ് വാഹനത്തില്‍ കൊട്ടാരക്കരയില്‍ എത്തിക്കുന്ന തീര്‍ഥാടകര്‍ അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് യാത്ര തിരിക്കും.
പരിക്കേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന 18 പേർ കഴിഞ്ഞദിവസം ഡിസ്ചാർജ് വാങ്ങി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവർ സ്വന്തമായി ടാക്സി വാഹനത്തിലാണ് തമിഴ്നാട്ടിലേക്ക് പോയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
അയ്യപ്പഭക്തരെ യാത്രയാക്കാന്‍ എത്തിയ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർ, പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, പി.ആര്.ഒ ജി. സുധീഷ്, ശബരിമല സ്പെഷല്‍ ഡ്യൂട്ടി നഴ്സുമാരായ പി.വി. ചന്ദ്രമതി, ഗീതാമണി, ജില്ല ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ് എന്നിവരോടും നന്ദി പറഞ്ഞാണ് തീർഥാടകർ ബസിൽ കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

