കലയഴകിൽ ആയുർവേദ നഗരം; ഇന്‍റർസോൺ കലോത്സവത്തിന് നാളെ തുടക്കം
text_fieldsകോട്ടക്കൽ ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കുന്ന ഇന്റർസോൺ കലോത്സവത്തിന്‍റെ അവസാനവട്ട ഒരുക്കത്തിൽ വിദ്യാർഥികൾ
കോട്ടക്കൽ: നടന താളമേള വിസ്മയങ്ങളുമായി കൗമാര പ്രതിഭകളുടെ കലയഴകിന് തിലകക്കുറി ചാർത്തി കാലിക്കറ്റ് സർവകലാശാല യൂനിയൻ ഇന്റർസോൺ കലോത്സവത്തിന് വ്യാഴാഴ്ച തിരശ്ശീല ഉയരും. സർവകലാശാല യൂനിയൻ ഐക്യ 2.0യുടെ നേതൃത്വത്തിൽ ‘കലൈക്കോട്ട’ ഇന്‍റർസോൺ കലോത്സവം കോട്ടക്കൽ ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളജിലാണ് അരങ്ങേറുന്നത്.
അഞ്ച് ജില്ലകളിൽനിന്ന് 5936 കലാപ്രതിഭകളാണ് മാറ്റുരക്കുന്നത്. അഞ്ച് വേദികളിലായി 106 ഇനങ്ങളിലാണ് മത്സരം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ സോണൽ മത്സരങ്ങളിൽ ഒന്ന്, രണ്ട് സ്ഥാനം നേടിയവരും അപ്പീൽ മുഖേന എത്തുന്നവരുമാണ് പങ്കെടുക്കുക. കലോത്സവ ഭാഗമായി 15ന് കോളജിൽ ഇൻഫ്ലുവെൻസേഴ്സ് മീറ്റ് സംഘടിപ്പിക്കും.
16, 17 തീയതികളിൽ സ്റ്റേജിതര മത്സരങ്ങൾക്കൊപ്പം സ്റ്റേജ് മത്സരങ്ങളും മേളയെ സമ്പന്നമാക്കും. മത്സരാർഥികൾക്ക് മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന ക്യൂ.ആർ കോഡോടുകൂടിയ ഐ.ഡി കാർഡ്, യഥാസമയം മത്സര ഫലങ്ങൾ, കോളജ് അടിസ്ഥാനത്തിലുള്ള സ്കോർ ബോർഡ്, വ്യക്തിഗത പ്രതിഭകളുടെ വിവരങ്ങൾ, വിജയികളുടെ ഫോട്ടോ പതിച്ച പോസ്റ്റർ, കലോത്സവ ഫോട്ടോ ഗാലറി തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
ഒരേ സമയം 500 പേർക്ക് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് സജ്ജീകരിച്ചിരിക്കുന്നത്. 17ന് രാത്രി ഏഴിന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ.പി. അനിൽകുമാർ എം.എൽ.എ, നടന്മാരായ രമേശ് പിഷാരടി, ഹാഷിർ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാനും കോട്ടക്കൽ നഗരസഭ ചെയർപേഴ്സനുമായ കെ.കെ. നാസർ, സർവകലാശാല യൂനിയൻ ചെയർപേഴ്സൻ പി.കെ. ഷിഫാന, ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ, പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ് പറമ്പത്ത്, കോളജ് പ്രിൻസിപ്പൽ ഡോ. എം. അബ്ദുൽ അസീസ്, പരവക്കൽ ഉസ്മാൻകുട്ടി, ടി. കുഞ്ഞു, തൈക്കാടൻ ഹനീഫ, വി.എ. വഹാബ്, ടി.പി. മുജീബ്, സഫ്‌വാൻ പത്തിൽ, കോളജ് യൂനിയൻ ചെയർമാൻ അഹമ്മദ് കെ. ജാസിർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

