രാമക്ഷേത്രം: കോൺഗ്രസിനൊപ്പംനിന്ന ചരിത്രമാണ് ലീഗിന് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മതനരിപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാട് ഉണ്ടായിരുന്നെങ്കിൽ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രിയങ്കഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നിലപാടിൽ അത്ഭുതമില്ല. അതിൽ പുതുതായി ഒന്നുമില്ല. എക്കാലത്തും കോൺഗ്രസ് സ്വീകരിച്ച നിലപാട് എല്ലാവർക്കും അറിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബാബരി വിഷയത്തിൽ മുദു ഹിന്ദുത്വ സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചു പോന്നത്. ബാബരി മസ്ജിദിൽ ആരാധന അനുവദിച്ചതും ശിലാന്യാസം അനുവദിച്ചതും കോൺഗ്രസാണ്. ബാബരി തർക്കാൻ സംഘപരിവാർ എത്തിയപ്പോഴും പൊളിക്കുമ്പോഴും നിഷ്ക്രിയത്വത്തോടെ സാക്ഷ്യം വഹിച്ചതും അവരാണ്. ഇത് നടന്നപ്പോഴൊക്കെ കോൺഗ്രസിനൊപ്പം നിന്ന ചരിത്രമാണ് ലീഗിനുള്ളത്. ബാബരി പ്രത്യേക വിഭാഗത്തിനായി തുറന്നു കൊടുത്തതിന്‍റെ സ്വാഭാവിക പരിണിതിയാണ് പിന്നെയുണ്ടായതെന്നും പിണറായി വിജയൻ പറഞ്ഞു.
രാമക്ഷേത്ര വിഷയത്തിൽ സി.പി.എം നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ കോവിഡ് വ്യാപനം മറികടക്കാനാണ് നാം ശ്രമിക്കേണ്ടത്. ദാരിദ്ര്യത്തിൽ ഇഴയുന്നവരെ സംരക്ഷിക്കേണ്ട കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്. അതുകൊണ്ടാണ് അത്തരം നടപടി കേരളത്തിൽ സർക്കാർ സ്വീകരിച്ചുപോരുന്നത്. അത്തരം കാര്യത്തിലാണ് ഇപ്പോൾ ശ്രദ്ധ ചെലുത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.