കാത്തിരിപ്പിന് ഏഴ് പതിറ്റാണ്ട്; സഹോദരൻ വരുമെന്ന പ്രതീക്ഷയിൽ ആയിശുമ്മ
text_fieldsആയിശുമ്മ
വാഴക്കാട്: പതിനഞ്ചാം വയസ്സിൽ വീട് വിട്ടിറങ്ങിയ കൂടപ്പിറപ്പിനെ പ്രതീക്ഷിച്ച് ഏക സഹോദരി 80ാം വയസ്സിലും കാത്തിരിപ്പ് തുടരുന്നു. വാഴയൂർ ഗ്രാമപഞ്ചായത്തിലെ മൂളപ്പുറം തെക്കേകുന്നത്ത് മമ്മുണ്ണിയുടെ മകൻ രായിൻ കുട്ടിയെയാണ് സഹോദരി ആയിശുമ്മ വാർധക്യത്തിലും കാത്തിരിക്കുന്നത്.
പിതാവ് മമ്മുണ്ണി മരിക്കുമ്പോൾ രായിൻ കുട്ടിക്ക് അഞ്ച് വയസ്സായിരുന്നു. ഏക സഹോദരിക്ക് രണ്ട് വയസ്സും. താമസിയാതെ മാതാവ് ഉമ്മാത്തക്കുട്ടി മറ്റൊരാളെ വിവാഹം കഴിച്ച് ഭർതൃഗൃഹത്തിൽ താമസമാക്കി.
ഇതോടെ രായിൻ കുട്ടിയും ആയിശുമ്മയും അനാഥത്വം പേറി ക്ലേശകരമായ ജീവിതം നയിക്കുകയായിരുന്നു. തുടർന്നാണ് രായിൻകുട്ടി ജീവിതോപാധി കണ്ടെത്താൻ ബാല്യകാലത്ത് അയൽവാസികളായ മറ്റ് നാല് പേരോടൊപ്പം വയനാട്ടിലേക്ക് യാത്ര തിരിച്ചത്.
ഒപ്പം പോയവരെല്ലാം പത്ത് വർഷത്തിനുള്ളിൽ നാട്ടിൽ തിരിച്ചെത്തിയെങ്കിലും രായിൻ കുട്ടി മാത്രം വയനാട്ടിൽ തങ്ങി. കുടുംബക്കാരും നാട്ടുകാരുമായ പലരും രായിൻ കുട്ടിയെ തിരക്കി വയനാട്ടിലേക്ക് പല തവണ യാത്ര ചെയ്തു. പുൽപള്ളി, വൈത്തിരി, സുൽത്താൻ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിൽ പലരും പലപ്പോഴായി കണ്ടതായി പറയുന്നു. അപ്പോഴൊക്കെ ഉടനെ നാട്ടിൽ വരുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറിയെന്ന് പറയുന്നു. കാണുന്നവരോടെല്ലാം ഇക്കാക്കയെക്കുറിച്ച് അന്വേഷിച്ച് ആയിശുമ്മ നാളുകൾ നീക്കി.
പള്ളിക്കൽ ബസാർ പഞ്ചായത്തിലെ കാരപ്പറമ്പ് വീട്ടിൽ മനോളി മൊയ്തീന്റെ ഭാര്യയായ ആയിശുമ്മ കൂടപ്പിറപ്പിന്റെ വരവും കാത്ത് ഇരിപ്പാണിപ്പോഴും. വാഴയൂർ പഞ്ചായത്തിലെ ഇയ്യത്തിങ്ങൽ എൽ.പി. സ്കൂളിൽ പഠിച്ചിരുന്നു എന്നതൊഴിച്ചാൽ രായിൻ കുട്ടിയുടെ രൂപമോ ആകൃതിയോ എങ്ങനെയെന്ന് പറയാൻ ആർക്കും കഴിയുന്നില്ല. മുഖത്ത് മുറിക്കലയുണ്ടെന്ന് സമപ്രായക്കാരും ആയിശുമ്മയും പറയുന്നു. 83കാരനായ രായിൻ കുട്ടിയെ കണ്ടെത്തുന്നവർ 8907487369 (സി.എം. മൊയ്തീൻ കുട്ടി), 9947761241 (ഉമ്മർകോയ) നമ്പറുകളിൽ ബന്ധപ്പെടുകയോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയോ ചെയ്യണമെന്നാണ് കുടുംബത്തിന്റെ അഭ്യർഥന.