മകെൻറ ഘാതകന് മാപ്പ്; കനിവിൻ കടലായി ആയിശ ബീവി
text_fieldsമലപ്പുറം: മകെൻറ കൊലയാളിയുടെ ഭാര്യയുടെ മുന്നിൽ കണ്ണീർ തൂകി ആയിശ ബീവി നിന്നു. തുടർന്ന് വിറയാർന്ന കൈകളോടെ മകെൻറ ഘാതകനുള്ള മാപ്പപേക്ഷ കൈമാറി. നിരുപാധികമായിരുന്നു ആ മാപ്പ്. കനിവിെൻറ ഉറവ വറ്റാത്ത ആ മാതാവിനു മുന്നിൽ പ്രതിയുടെ ഭാര്യ ഉത്തർപ്രദേശുകാരി റസിയക്കും കരയാതിരിക്കാനായില്ല. ഇടറിയ വാക്കുകളിൽ അവർ അല്ലാഹുവിനെ സ്തുതിച്ചു.
‘പെരുമഴക്കാലം’ സിനിമയുടെ തനിയാവർത്തനത്തിന് ഒരിക്കൽകൂടി പാണക്കാട് സാക്ഷിയായി. സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് ഇവരെത്തിയത്. ഏഴ് വർഷം മുമ്പ് സൗദി അറേബ്യയിലെ അൽഅഹ്സയിൽ കൊല്ലപ്പെട്ട ആഷിഫിെൻറ ഉമ്മയാണ് ഒറ്റപ്പാലത്തെ പാലത്തിങ്ങൽ ആയിശ ബീവി. കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി യു.പിയിലെ മുഹർറം അലി സഫിയുല്ലയുടെ ഭാര്യയാണ് റസിയ. രണ്ട് വർഷത്തെ ഗൾഫ് ജീവിതത്തിനുശേഷം ആദ്യമായി നാട്ടിൽപോകുന്നതിനുള്ള ഒരുക്കത്തിനിടെ 2011 ഒക്ടോബറിലായിരുന്നു ആഷിഫിെൻറ ദാരുണാന്ത്യം.
പെട്രോൾ പമ്പിലെ ജീവനക്കാരായിരുന്നു 24കാരനായ ആഷിഫും മുഹർറവും. ഒരു മുറിയിലായിരുന്നു ഇരുവരും താമസം. ചെറിയ വാേക്കറ്റത്തെ തുടർന്ന് ഉറങ്ങിക്കിടന്ന ആഷിഫിനെ മുഹർറം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കേസ് കോടതിയിലെത്തി. മുഹർറം ജയിലിലുമായി. ദീർഘനാളത്തെ ജയിൽവാസത്തിനിടെ ഇയാൾക്ക് മാനസികാസ്വാസ്ഥ്യം വന്നു. 38കാരനായ മുഹർറം ഇപ്പോൾ സൗദി മാനസികാരോഗ്യ ആശുപത്രിയിലാണ്. യു.പി ഗൂണ്ടയിലെ ഗുഹന്ദ ഗ്രാമത്തിലാണ് ഭാര്യ റസിയയും മൂന്ന് കുട്ടികളുമടങ്ങുന്ന ദരിദ്ര കുടുംബമുള്ളത്. റസിയ വീട്ടുജോലി ചെയ്ത് കിട്ടുന്ന തുച്ഛ വരുമാനത്തിലാണ് കുടുംബം ജീവിക്കുന്നത്.
കഴിഞ്ഞ വർഷം പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും മാനസികനില തകരാറിലായതിനാൽ വിധി നടപ്പാക്കുന്നത് നീണ്ടു. സൗദി പൊലീസുമായി ബന്ധപ്പെട്ട് കെ.എം.സി.സിയാണ് ഒത്തുതീർപ്പിന് കളെമാരുക്കിയത്. മകെൻറ കൊലയാളിക്ക് മാപ്പ് കൊടുക്കാൻ ആയിശ ബീവി ആദ്യം തയാറായിരുന്നില്ല. എന്നാൽ, രോഗിയായ ഒരാൾക്ക് ശിക്ഷ നൽകിയിട്ട് എന്തുകാര്യം എന്നാലോചിച്ചു. മകനേതായാലും പോയി, ആ കുടുംബത്തിനെങ്കിലും സമാധാനമുണ്ടാവെട്ട എന്നായിരുന്നു ഉമ്മയുടെ മനസ്സെന്ന് ആഷിഫിെൻറ സഹോദരൻ ഇബ്രാഹിം പറഞ്ഞു.
കെ.എം.സി.സി അഭ്യർഥന പ്രകാരം റസിയയും ബന്ധുക്കളും എത്തി. സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ മാപ്പപേക്ഷ കൈമാറി. ആഷിഫിെൻറ സഹോദരങ്ങളായ ലത്തീഫ്, ഇബ്രാഹിം, ഇബ്രാഹിമിെൻറ ഭാര്യ മിസ്രിയ, അമ്മാവൻമാരായ ഷൗക്കത്തലി, സെയ്തലവി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ എന്നിവരും രംഗത്തിന് സാക്ഷിയായി. അൽഅഹ്സ കെ.എം.സി.സി പ്രസിഡൻറ് സി.എം. കുഞ്ഞിപ്പ ഹാജി, ജന. സെക്രട്ടറി ടി.കെ. കുഞ്ഞാലസ്സൻകുട്ടി, എ.പി. ഇബ്രാഹിം മുഹമ്മദ്, മജീദ് കൊടശ്ശേരി, സി.പി. ഗഫൂർ എന്നിവരാണ് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
