മികച്ച ജനറൽ റിപ്പോർട്ടിങ്ങിനുള്ള അവാർഡ് ‘മാധ്യമം’ സീനിയർ റിപ്പോർട്ടർ കെ. നൗഫൽ ഏറ്റുവാങ്ങി
text_fieldsസംസ്ഥാന സർക്കാറിന്‍റെ 2020ലെ മാധ്യമ പുരസ്കാരം ‘മാധ്യമം’ തിരുവനന്തപുരം സീനിയർ റിപ്പോർട്ടർ കെ. നൗഫലിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു. മന്ത്രി വി. ശിവൻകുട്ടി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു തുടങ്ങിയവർ സമീപം
തിരുവനന്തപുരം: സ്വതന്ത്രവും നീതിപൂർവകവും ജനാധിപത്യപരവുമായ പത്രപ്രവർത്തനത്തിന് കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന മാധ്യമ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവർത്തനം ദേശീയതലത്തിൽ വലിയ ഭീഷണിയിലാണ്. നിഷ്പക്ഷ മാധ്യമപ്രവർത്തനം നടത്തുന്നവർ തടങ്കലിലാകുന്നു. മാധ്യമപ്രവർത്തനമെന്ന പേരിൽ മാധ്യമ ധർമത്തിന് ചേരാത്ത ഭീഷണിയുയർത്തുന്നതും അസത്യം പ്രചരിപ്പിക്കുന്നതും ഇവരാണെന്നും രണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്നും ജനങ്ങൾക്കറിയാം. സ്ഥാപിത താൽപര്യക്കാരുടെ രാഷ്ട്രീയ താൽപര്യങ്ങൾ നിർവഹിച്ചുകൊടുക്കുന്ന ചട്ടുകങ്ങളായി മാധ്യമങ്ങൾ മാറുന്നത് ഉചിതമാണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി തുടർന്നു.
2020ൽ അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച ജനറൽ റിപ്പോർട്ടിങ്ങിനുള്ള അവാർഡ് ‘മാധ്യമം’ സീനിയർ കറസ്പോണ്ടന്‍റ് കെ. നൗഫൽ ഏറ്റുവാങ്ങി. 2020ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരവും 2020, 2021 വർഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2020ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകളും ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിച്ചു.
മാധ്യമ പുരസ്‌കാരങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പി.ആർ.ഡി തയാറാക്കിയ ‘കാവലാൾ - സത്യത്തിന്റെ സൂക്ഷിപ്പുകാർ’ എന്ന കൈപ്പുസ്തകം മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കെ.യു.ഡബ്ല്യു.ജെ. ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, പി.ആർ.ഡി അഡീഷനൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ഡയറക്ടർ ടി.വി. സുഭാഷ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

