നാദാപുരം: മാതാപിതാക്കളെയും ബന്ധുക്കളെയും മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടും നിരാഹാരസമരം നടത്തുന്ന അവിഷ്ണയെ ആശുപത്രിയിലാക്കാനുള്ള നീക്കം പരാജയപ്പെട്ടു. അവിഷ്ണയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റില്ലെന്ന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ ബന്ധുക്കളെ അറിയിച്ചു. അവശ്യഘട്ടം വരികയാണെങ്കില്‍ തങ്ങള്‍ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് ബന്ധുക്കള്‍ ഡി.ജി.പിയോട് പറഞ്ഞു.
ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ഡി.ജി.പി വളയെത്ത ജിഷ്ണുവിെൻറ വീട്ടിലെത്തിയത്. വൈകുന്നേരത്തോടെതന്നെ റൂറൽ ജില്ലയിലെ മിക്ക സ്റ്റേഷനുകളിൽനിന്നും സി.ഐ, എസ്.ഐ, വനിത പൊലീസുകാർ ഉൾപ്പെടെയുള്ള പൊലീസ് സംഘം വളയം പൂവംവയലിലെ വീട്ടുപരിസരത്ത് എത്തിയിരുന്നു.
ബലം പ്രയോഗിച്ച് അവിഷ്ണയെ മാറ്റാൻ സാധ്യതയുണ്ടെന്നറിഞ്ഞ് സ്ത്രീകളുൾപ്പെടെ ആയിരങ്ങളാണ് പ്രതിരോധം തീർക്കാൻ വീട്ടിലെത്തിയത്. ഡി.ജി.പി ഒഴികെ മറ്റാരെയും നാട്ടുകാർ അകത്തേക്ക് വിട്ടില്ല.
അവിഷ്ണയുമായും ബന്ധുക്കളുമായും മാറിമാറി ഡി.ജി.പി ചർച്ച നടത്തി. 15 മിനിറ്റോളം അവിഷ്ണയുമായി മാത്രം ചർച്ച നടത്തിയെങ്കിലും വിസമ്മതിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായി വരുകയാണ്. ചേട്ടന് നീതികിട്ടാതെ ആശുപത്രിയിലേക്കില്ലെന്നും മരിക്കാൻ തയാറാണെന്നും അവിഷ്ണ ആവർത്തിച്ചു. രാത്രി വൈകിയും വൻ ജനാവലി വീട്ടിലുണ്ട്.