തിരുവനന്തപുരം: രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പീഡന പരാതി നൽകി നാടുവിട്ട വിദ്യാർഥിനിയെ ഒരു ദിവസത്തെ തെരച്ചിലിനൊടുവിൽ കന്യാകുമാരിയിൽ കണ്ടെത്തി. പരിശീലനത്തിനിടെ ചീഫ് ഫ്ലൈയിങ് ഇൻസ്ട്രക്ടർ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. മാർച്ചിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തെങ്കിലും ഹൈകോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ പരിശീലകനെ അറസ്റ്റ് ചെയ്തിരുന്നില്ല.
പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലായിരുന്നു ആഭ്യന്തര പരാതി പരിഹാര സമിതി. ഇതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു പെൺകുട്ടിയെന്നും പരാതി നൽകിയ ശേഷവും പീഡനം തുടർന്നതാണ് നാടുവിടാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിടും.