ഹൃദ്രോഗ ചികിത്സ കിട്ടാതെ മരണം: ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന്; ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ
text_fieldsമരിച്ച കൊല്ലം പന്മന സ്വദേശി വേണു
https://www.madhyamam.com/kerala/thiruvananthapuram-medical-college-authorities-reiterate-that-there-is-no-basis-for-medical-negligence-allegations-1465054
കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണു മരിച്ച സംഭവത്തിൽ സർക്കാർ ആശുപത്രികളുടെ വീഴ്ച അക്കമിട്ട് നിരത്തി അന്വേഷണ റിപ്പോർട്ട്. ഡി.എം.ഇ നിയോഗിച്ച വിദഗ്ധ സംഘത്തിന്‍റെ അന്വേഷണ റിപ്പോർട്ടിലാണ് വേണുവിനെ പ്രവേശിപ്പിച്ച ആശുപത്രികളിൽ ഉണ്ടായ വീഴ്ചകൾ വിവരിക്കുന്നത്.
ഹൃദ്രോഗബാധയുമായി അടിയന്തര ചികിത്സ തേടി എത്തിയിട്ടും ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നുള്ള വേണുവിന്‍റെ ശബ്ദ സന്ദേശങ്ങളും കുടുംബത്തിന്‍റെ പരാതിയും ശരിവക്കുന്നതാണ് റിപ്പോർട്ട്. ചവറ സി.എച്ച്.സി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വരെ ഗുരുതര വീഴ്ചയുണ്ടായതായാണ് കണ്ടെത്തൽ. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചില്ലെന്നും മെഡിക്കൽ വാർഡിലാണ് പ്രവേശിപ്പിച്ചതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഗുരുതര വീഴ്ചകൾ പറയുമ്പോഴും പരിശീലനം നൽകണമെന്നല്ലാതെ ജീവനക്കാർക്കെതിരെ നടപടിക്ക് ശിപാർശയില്ല. കൊല്ലം ജില്ല ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭ്യമാകാതിരുന്നത് നിർണായകമായെന്നും തിരുവനന്തപുരത്ത് എത്തിച്ചപ്പോൾ ഹൃദ്രോഗത്തിന് ചികിത്സ നൽകേണ്ട കൃത്യമായ സമയപരിധി കഴിഞ്ഞതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
വേണുവിനെ ആദ്യം എത്തിച്ച ചവറ സി.എച്ച്.സിയിൽ രോഗം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും മുമ്പുണ്ടായിരുന്ന രോഗാവസ്ഥ കണക്കിലെടുത്ത് സി.ടി സ്കാൻ സൗകര്യമുള്ള ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ചവറയിലും രണ്ട് മണിക്കൂർ സമയം നഷ്ടമായി. ജില്ല ആശുപത്രിയിൽ സമയം വൈകാതെ തന്നെ ഹൃദയാഘാതം കണ്ടെത്തി. എന്നാൽ, റഫർ ചെയ്തത് വളരെ വൈകി. സി.ടി സ്കാർ എടുക്കുന്നതിലും റിസൾട്ട് ലഭിക്കുന്നതിലും താമസമുണ്ടായി. ആംബുലൻസ് ലഭിക്കാനും വൈകി. മെഡിക്കൽ കോളജിൽ ഹൃദയാഘാതം ആണെന്ന് ഉറപ്പിക്കുന്ന റിസൾട്ടുമായി എത്തിച്ച രോഗിയെ കാർഡിയോളജി ഐ.സി.യുവിലോ വാർഡിലോ പ്രവേശിപ്പിക്കാതെ ആളുകൾ തിങ്ങി നിറഞ്ഞ മെഡിക്കൽ വാർഡിൽ ആണ് പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ കാർഡിയോളജി ഡോക്ടർ പരിശോധിച്ചെങ്കിലും വാർഡിൽ ചികിത്സ തുടങ്ങാൻ വൈകി.
ഹൃദയാഘാതം ഉണ്ടായാൽ ആൻജിയോപ്ലാസ്റ്റി നൽകേണ്ട അടിയന്തര സമയപരിധി കഴിഞ്ഞ് വൈകി എത്തിച്ചതിനാലാണ് ഉടൻ ആൻജിയോപ്ലാസ്റ്റി നൽകാത്തതെന്നാണ് മെഡിക്കൽ കോളജ് ഡോക്ടർമാർ അവകാശപ്പെട്ടത്. എന്നാൽ, അടുത്ത ദിവസങ്ങളിൽ ആൻജിയോപ്ലാസ്റ്റി ചെയ്യാം എന്നാണ് തങ്ങളെ അറിയിച്ചിരുന്നത് എന്ന് വേണുവിന്‍റെ ഭാര്യ സിന്ധുവിന്‍റെ മൊഴിയിൽ പറയുന്നു. ഇക്കാര്യങ്ങളിലെല്ലാം ആശയവിനിമയം കൃത്യമായില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളജിൽ സ്റ്റാൻഡേർഡ് പ്രോട്ടോകോൾ പാലിച്ചതായി വിലയിരുത്തുന്ന റിപ്പോർട്ട്, കൊല്ലം ജില്ല ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നെങ്കിൽ വേണുവിന്‍റെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്. റിപ്പോർട്ടിൽ തുടർ നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് സിന്ധു പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

