ദേശീയപാതയിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചു; നവജാത ശിശു ഉൾപ്പെടെ മൂന്നുപേർ മരിച്ചു
text_fieldsകഴക്കൂട്ടം: ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളത്ത് കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുദിവസം പ്രായമുള്ള കുഞ്ഞടക്കം മൂന്നുപേർ മരിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. മണമ്പൂർ കാരൂർക്കോണം സ്വദേശി മഹേഷിന്റെ ഭാര്യ അനുവിന്റെ പ്രസവശേഷം എസ്.എ.ടി ആശുപത്രിയിൽനിന്ന് ഓട്ടോയിൽ മടങ്ങവേയാണ് ബസുമായി കൂട്ടിയിടിച്ചത്.
മഹേഷ്, ഭാര്യ അനു, ഇവരുടെ മൂത്ത കുട്ടി അഞ്ചുവയസ്സുള്ള വിഥുൻ, നവജാതശിശു, അനുവിന്റെ അമ്മ തുടങ്ങിയവരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ സുനിൽ (40), അനുവിന്റെ മാതാവ് ശോഭ (41), മഹേഷിന്റെ നാലുദിവസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കെ.എസ്.ആർ.ടി.സി ബസ് ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ രണ്ടു കുട്ടികളും ഓട്ടോയിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണു. ഡ്രൈവർ സുനിൽ ബസിനും ഓട്ടോക്കും ഇടയിൽ കുരുങ്ങി. നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

