കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പഠന വകുപ്പുകളിലെ വിദ്യാർഥികൾക്കുള്ള നാലരക്കോടി രൂപയുടെ ഗ്രാൻറ് ലഭ്യമാക്കുന്നതിൽ അധികൃതർ അനാസ്ഥ കാണിച്ചതായി ഓഡിറ്റ് റിപ്പോർട്ട് . 1.80 കോടി രൂപ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഇൗടാക്കിയതും സെനറ്റ് യോഗത്തിൽ സമർപ്പിച്ച 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പഠനവകുപ്പുകളിൽ അധ്യാപകരുടെ ജോലിസമയ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നും ഫെലോഷിപ് വാങ്ങുന്നുണ്ടെങ്കിലും സമയബന്ധിതമായി ഗവേഷണം പൂർത്തിയാകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. ബിരുദ പരീക്ഷകള്‍ നടത്തി സമയത്തിന് ഫലം പ്രസിദ്ധീകരിക്കാന്‍ സെനറ്റ് യോഗം വൈസ് ചാന്‍സലറെയും പരീക്ഷാ കണ്‍ട്രോളറെയും ചുമതലപ്പെടുത്തി. 2019ല്‍ പ്രവേശനം നേടിയവരുടെ മൂന്ന് മുതല്‍ ആറു വരെ സെമസ്റ്റര്‍ പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. മേയ് അവസാനത്തോടെയെങ്കിലും ഫലം പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യം. ഇത്രയധികം പരീക്ഷകള്‍ ഒരുമിച്ച് നടത്തുന്നത് പരീക്ഷാഭവന് ജീവനക്കാര്‍ക്കും മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്കും പ്രയാസമാകും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തര പ്രമേയത്തിലാണ് തീരുമാനം.
വിനോദ് എന്‍. നീക്കാംപുറത്ത്, ഡോ. ടി. മുഹമ്മദലി എന്നിവര്‍ നല്കിയ പ്രമേയം സംയുക്തമായി ചര്‍ച്ചക്കെടുക്കുകയായിരുന്നു. നാക് അംഗീകാരവും ഭൗതിക സാഹചര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ നവംബര്‍ എട്ടിന് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരുമെന്നും വി.സി. അറിയിച്ചു. 42 ഡിപ്ലോമ, 73390 ബിരുദം, 4000 പി.ജി., മൂന്ന് എം.ഫില്‍., 52 പിഎച്ച്.ഡി. എന്നിവ ഉള്‍പ്പെടെ 77467 ബിരുദങ്ങള്‍ സെനറ്റ് അംഗീകരിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് സര്‍വകലാശാലയുടെ നീക്കിയിരിപ്പ് തുകകള്‍ക്ക് കൂടുതല്‍ പലിശ ലഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും.