ബിനോയ് വിശ്വത്തിനെതിരെ ഓഡിയോ സന്ദേശം: കമല സദാനന്ദനോടും കെ.എം. ദിനകരനോടും വിശദീകരണം തേടി; അച്ചടക്ക നടപടിയുമായി സി.പി.ഐ
text_fieldsതിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ വിവാദ ഫോൺ സംഭാഷണത്തിൽ ശക്തമായ നടപടിയുമായി സി.പി.ഐ. അച്ചടക്ക നടപടിയുടെ ഭാഗമായി സംസ്ഥാന നിർവാഹക സമിതി അംഗം കമല സദാനന്ദനും എറണാകുളം ജില്ല സെക്രട്ടറി കെ.എം. ദിനകരനും കാരണം കാണിക്കൽ നോട്ടീസ് നൽകി.
എറണാകുളം ജില്ല കമ്മിറ്റിയിൽ നിന്ന് വിശദീകരണം തേടിയ നേതൃത്വം സംഭവം അന്വേഷിക്കാൻ സംസ്ഥാന നേതാക്കളെ ചുമതലപ്പെടുത്തും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാകും അന്വേഷണത്തിനുള്ള നേതാക്കളെ നിശ്ചയിക്കുക. അന്വേഷണ ശേഷം ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് വിവരം. ശക്തമായ നടപടി വേണമെന്നാണ് പാർട്ടിയിലെ പൊതുവികാരവും.
അതേസമയം, പാർട്ടിയിലെ ചേരിപ്പോര് സമ്മേളനകാലത്ത് പൊതുചർച്ചയാകാതിരിക്കാൻ നേതൃത്വം നീക്കവും തുടങ്ങി. തനിക്കറിയുന്ന നേതാക്കൾ ഇങ്ങനെ സംസാരിക്കില്ലെന്നും മാധ്യമങ്ങൾക്ക് ആളുമാറിയതാണെന്നുമാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ബിനോയ് വിശ്വത്തിനു പകരം പുതിയ സെക്രട്ടറി വരണമെന്ന് സൂചിപ്പിച്ച്, കമല സദാനന്ദനും കെ.എം. ദിനകരനും തമ്മിൽ നടന്ന സംഭാഷണമാണ് പുറത്തായത്. മണ്ഡലം സമ്മേളനങ്ങൾ പൂർത്തീകരിച്ച് ജില്ല സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ, പുറത്തുവന്ന ഫോൺ സംഭാഷണത്തെ ഗൗരവത്തിലാണ് നേതൃത്വം കാണുന്നത്.
മുൻ ജില്ല സെക്രട്ടറി പി. രാജുവിന്‍റെ മരണം വിവാദമാക്കുകയും ചിലർ ഇതിന്‍റെ പേരിൽ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ജില്ലയിലെ 20ലധികം പേർക്കെതിരെ രണ്ട് മാസത്തിനിടെ നടപടി എടുത്തിരുന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായ പറവൂർ കേന്ദ്രീകരിച്ച് ഏറെ നാളായി കെ.ഇ. ഇസ്മയിൽ പക്ഷവും കാനം രാജേന്ദ്രനെ അനുകൂലിച്ചിരുന്നവരും തമ്മിൽ ചേരിതിരിഞ്ഞ് വിഭാഗീയ പ്രവർത്തനങ്ങൾ രൂക്ഷമാണ്. ഇതാണ് ഇപ്പോൾ നേതാക്കൾക്കിടയിലെ തമ്മിലടിയിലേക്ക് വഴിമാറിയിരിക്കുന്നത്. നേതാക്കളുടെ ഫോൺ സംഭാഷണം വിഭാഗീയതയുടെ ഭാഗമായി ചിലർ ആസൂത്രിതമായി പുറത്തുവിടുകയായിരുന്നു എന്നും പറയപ്പെടുന്നു.
"ബിനോയിയോട് ചോദിച്ചിട്ട് വേണോ അച്ചടക്ക നടപടിയെടുക്കാൻ, ചോദിക്കാൻ അവൻ സ്റ്റേറ്റ് കൗൺസിലൊന്നും അല്ലല്ലോ, സഹോദരി ബീനയെയും കൂട്ടി ബിനോയിയെ കാണാൻ പോകുന്ന ആൾക്കാരുണ്ട്, ഭരണത്തിൽ ബീന ഇടപെടാൻ തുടങ്ങിയാൽ ബാക്കിയുള്ളവർ എന്ത് ചെയ്യും, എക്സിക്യൂട്ടീവിൽ പലർക്കും ബിനോയിയോട് ഇഷ്ടക്കുറവുണ്ട്, അദ്ദേഹത്തിന് സെക്രട്ടറി സ്ഥാനംകൊണ്ട് നടക്കാൻ കഴിയുന്നില്ല, പി. സന്തോഷ് കുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കാൻ പറ്റും, അദ്ദേഹം കമ്യൂണിസ്റ്റ് മൂല്യമുള്ളയാളാണ്, ബിനോയ് വിശ്വം നശിച്ച് നാണം കെട്ട് ഇറങ്ങിപ്പോകുകയേ ഉള്ളൂ"- തുടങ്ങിയ പരാമർശങ്ങളാണ് പ്രധാനമായും കമലയും ദിനകരനും തമ്മിലുള്ള സംഭാഷണത്തിലുള്ളത്.
ബാക്കിയുള്ളവർ എങ്ങനെയായാലും കുഴപ്പമില്ല, ബിനോയിക്ക് താൻ പുണ്യാളനാകണമെന്നാണ് ചിന്തയെന്ന മറ്റൊരു നേതാവിന്‍റെ പ്രതികരണവും സംഭാഷണത്തിലുണ്ട്. ശബ്ദസംഭാഷണം പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്നാണ് കമലയുടെയും ദിനകരന്‍റെയും നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

