ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്
text_fieldsതിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മാർച്ച് 13ന് നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊങ്കാല മഹോത്സവം മാർച്ച് അഞ്ചിന് പാടി കാപ്പുകെട്ടി കുടിയിരുത്തലോടെ ആരംഭിക്കും. വൈകീട്ട് ആറിന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും. ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വിവിധ കലാപരിപാടികൾ ഉത്സവ ദിവസങ്ങളിൽ അരങ്ങേറും. ആറ്റുകാല്‍ അംബാ പുരസ്കാരം സംഗീതജ്ഞ പത്മശ്രീ ഡോ. കെ. ഓമനക്കുട്ടിക്ക് സമ്മാനിക്കും.
പൊങ്കാല ദിവസമായ 13ന് രാവിലെ 10.15ന് പണ്ടാര അടുപ്പിലേക്ക് തീ പകരും. ഉച്ചക്ക് 1.15ന് പൊങ്കാല നിവേദ്യം നടക്കും. അന്നുരാത്രി ദേവിയുടെ പുറത്തെഴുന്നള്ളിപ്പ് കഴിഞ്ഞ് 14ന് രാത്രി ഒന്നിന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും. പൊങ്കാല മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാരടക്കം പങ്കെടുത്ത അവലോകന യോഗങ്ങൾ ഇതിനകം ചേർന്നു. അവസാന അവലോകനയോഗം ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരും.
132 പേരടങ്ങുന്ന ഉത്സവ കമ്മിറ്റിയാണ് പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകുന്നത്. ട്രസ്റ്റിന്റെ വെബ്സൈറ്റിലും (www.attukal.org) ഫേസ്ബുക് പേജിലും പൊങ്കാലയുടെ തത്സമയ സംപ്രേഷണം ഉണ്ടാകും. വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ എസ്. വേണുഗോപാൽ, പ്രസിഡന്റ് വി. ശോഭ, സെക്രട്ടറി ശരത്കുമാർ, ട്രഷറർ എ. ഗീതാകുമാരി, പി.കെ. കൃഷ്ണൻനായർ, എ.എസ് അനുമോദ്, രാജേന്ദ്രൻനായർ, പ്രദീപ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

