പി.പി ചിത്തരഞ്ജന് സ്പീക്കറുടെ ശാസന; 'ശ്രദ്ധ രാഷ്ട്രീയ വിവാദത്തിൽ മാത്രം പോരായെന്ന്'
text_fieldsതിരുവനന്തപുരം: സി.പി.എം എം.എൽ.എ പി.പി ചിത്തരഞ്ജന് സ്പീക്കറുടെ ശാസന. ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പോയി മറ്റൊരു അംഗത്തോട് സംസാരിച്ചതിനാണ് സ്പീക്കർ ശാസിച്ചത്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കമെന്ന് സ്പീക്കർ എം.ബി രാജേഷ് ആവശ്യപ്പെട്ടു.
മന്ത്രി പി. രാജീവ് സഭയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്പീക്കറുടെ ശാസനക്ക് വഴിവെച്ച ചിത്തരഞ്ജന്‍റെ നടപടിയുണ്ടായത്. ഗൗരവമായ ചർച്ചകൾ നടക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് സ്പീക്കർ പറഞ്ഞു.
സഭയിൽ അംഗങ്ങൾ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നതും ചെയറിന് പിന്തിരിഞ്ഞ് നിൽക്കുന്നതും പാടില്ലെന്ന് രണ്ടു തവണ പറഞ്ഞിരുന്നു. ഗൗരവമുള്ള വിഷയമാണ് അംഗം സഭയിൽ ഉന്നയിച്ചത്.
അത്തരം കാര്യങ്ങളിൽ താൽപര്യം പ്രകടിപ്പിക്കാതിരിക്കുകയും രാഷ്ട്രീയ വിവാദമുള്ള കാര്യത്തിൽ മാത്രം ശ്രദ്ധയും താൽപര്യവും പുലർത്തുകയും ചെയ്യുന്നത് ഉത്തരവാദിത്തത്തോടെയുള്ള സമീപനമല്ലെന്ന് കർക്കശമായി പറയേണ്ടി വരികയാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
മുൻ ധനമന്ത്രി തോമസ് ഐസക്കിന്‍റെ പിൻഗാമിയായി ആലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് കന്നി വിജയം നേടിയാണ് പി.പി ചിത്തരഞ്ജൻ പതിനഞ്ചാം നിയമസഭയിലെത്തിയത്. സി.പി.എം നേതാവായ ചിത്തരഞ്ജൻ മത്സ്യഫെഡ് ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

