ടാറ്റയടക്കം എട്ട് കമ്പനികളിൽനിന്ന് ഹ്രസ്വകാല വൈദ്യുത കരാറിന് ശ്രമം
text_fieldsതിരുവനന്തപുരം: ടാറ്റയടക്കം എട്ട് കമ്പനികളിൽനിന്ന് ഹ്രസ്വകാല വൈദ്യുത കരാറുകൾക്ക് അനുമതി തേടി കെ.എസ്.ഇ.ബി റഗുലേറ്ററി കമീഷനെ സമീപിച്ചു. ഈവർഷം ഡിസംബർവരെയും അടുത്തവർഷം മാർച്ച് മുതൽ മേയ് 15 വരെയുമുള്ള വൈദ്യുതിക്ഷാമം നേരിടാനാണ് കരാറുകൾക്ക് ശ്രമിക്കുന്നത്. ടാറ്റ പവർ ട്രേഡിങ് കമ്പനി ലിമിറ്റഡിന് പുറമേ ഗ്രീൻകോ എനർജീസ് പ്രൈവറ്റ് ലിമിറ്റഡ്, ജിൻഡാൽ പവർ ലിമിറ്റഡ്, പവർ പൾസ് ട്രേഡിങ് സൊല്യൂഷൻസ് ലിമിറ്റഡ്, എൻ.ടി.പി.സി വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡ്, അരുണാചൽ പ്രദേശ് പവർ കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ്, മണികരൺ പവർ ലിമിറ്റഡ്, ജെ.എസ്.ഡബ്ല്യു എനർജി ലിമിറ്റഡ് എന്നി കമ്പനികളിൽനിന്നാണ് വൈദ്യുതി വാങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് കെ.എസ്ഇ.ബി വ്യക്തമാക്കി. ഇതുസംബന്ധിച്ച തെളിവെടുപ്പ് 23ന് നടത്തും.
ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതിയുമായി കെ.എസ്.ഇ.ബിയുടെ അപേക്ഷയും അന്ന് പരിഗണിക്കും. അതേസമയം പുനരുപയോഗ ഊർജ ചട്ട ഭേദഗതി സംബന്ധിച്ച് കമീഷൻ നടത്തുന്ന തെളിവെടുപ്പ് ബുധനാഴ്ച സമാപിച്ചു. ഓൺലൈനായി നടന്ന തെളിവെടുപ്പിൽ സൗരോർജ ഉൽപാദന മേഖലയിലെ ചട്ടഭേദഗതിക്കെതിരെ കടുത്ത വിമർശമാണ് ഉൽപാദകരും സംരംഭകരും ഉന്നയിച്ചത്. പുരപ്പുറ സൗരോർജ ഉൽപാദനത്തെ തകർക്കുന്നതാണ് ചട്ടഭേദഗതിയെന്ന വാദം ഉൽപാദകർ ഉയർത്തിയപ്പോൾ സോളാർ വ്യാപനം 500 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുന്നെന്ന കണക്ക് നിരത്തിയായിരുന്നു കെ.എസ്.ഇ.ബി പ്രതിരോധം. തെളിവെടുപ്പിൽ ഉയർന്ന വാദങ്ങൾ പരിശോധിച്ച് അന്തിമചട്ടം സെപ്റ്റംബറോടെ പുറത്തിറക്കാനും ഒക്ടോബർ ഒന്നുമുതൽ പുതിയ ബില്ലിങ് രീതി നടപ്പാക്കാനുമാണ് കമീഷൻ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

