കോഴിക്കോട്: കേരളത്തെ ഭീകരതയുടെ താവളമാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമം ചെറുക്കണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി. കെ.എൻ.എം സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ ഭീകരപ്രസ്ഥാനങ്ങളുടെ താവളമാക്കി അവതരിപ്പിക്കാൻ വലിയ ശ്രമം നടക്കുകയാണ്. രാജ്യത്തെ മുസ്ലിംകൾ അൽഖാഇദ, ഐ.എസ് തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങളെ എന്നും തള്ളിയവരാണ്. ഭീകരപ്രസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നവർ ആരായാലും അവർ രാജ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, നൂർ മുഹമ്മദ് നൂർഷ, എ. അസ്ഗറലി, എം.ടി. അബ്ദുസ്സമദ് സുല്ലമി, ഡോ. സുൽഫിക്കർ അലി, ഡോ. എ. ഐ. അബ്ദുൽ മജീദ് സ്വലാഹി എന്നിവർ സംസാരിച്ചു.