കല്യാണിയെ ആലുവയിൽ വെച്ചും കൊല്ലാൻ ശ്രമിച്ചു? പിന്തിരിപ്പിച്ചത് ഓട്ടോ ഡ്രൈവർമാർ, പൊലീസിൽ മൊഴി നൽകി
text_fieldsആലുവ: എറണാകുളം തിരുവാങ്കുളത്തെ മൂന്നരവയസുകാരി കല്യാണിയെ അമ്മ സന്ധ്യ ആലുവയിൽ വെച്ചും പുഴയിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം നടത്തിയതായി സംശയം. ഇതുസംബന്ധിച്ച് ഓട്ടോ ഡ്രൈവർമാർ പൊലീസിൽ മൊഴി നൽകി.
ആലുവ മണപ്പുറം ഭാഗത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ഇക്കാര്യത്തിൽ സംശയവുമായെത്തിയത്. സംഭവ ദിവസം വൈകുന്നേരം കല്യാണിയുമായി അമ്മ സന്ധ്യ ആലുവ മണപ്പുറത്ത് എത്തിയിരുന്നു. പുഴയോരത്ത് ഇരുവരെയും കണ്ടതിൽ അസ്വാഭാവികത തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർമാർ കാര്യം ചോദിച്ചതോടെ അവിടെ നിന്നും മടങ്ങുകയായിരുന്നു. ഇത് സംബന്ധിച്ച് ആലുവ മണപ്പുറത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ആലുവ മണപ്പുറത്ത് എത്തിയതിന് ശേഷമാണ് സന്ധ്യ കുഞ്ഞുമായി ബസിൽ മൂഴിക്കുളത്തെത്തിയതും അവിടെ പാലത്തിൽ നിന്ന് പുഴയിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയതും. സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി അയൽവാസി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഐസ്ക്രീമിൽ വിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ചപ്പോൾ മുതിർന്ന കുട്ടി ബഹളം വെച്ചതോടെയാണ് സന്ധ്യ ഈ ശ്രമത്തിൽ നിന്ന് പിന്മാറിയതെന്ന് ബന്ധു കൂടിയായ അയൽവാസി പറഞ്ഞിരുന്നു.
മേയ് 19നാണ് മൂന്നരവയസുകാരി കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞത്. തിരച്ചിലിനൊടുവിൽ പുലർച്ചെ രണ്ടരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭർത്താവുമായുള്ള അകൽച്ചയെ തുടർന്ന് സന്ധ്യ കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. 19ന് വൈകീട്ട് 3.30ഓടെ കോലഞ്ചേരിയിലെ അംഗൻവാടിയിൽനിന്ന് കല്യാണിയെ സന്ധ്യ കുറുമശ്ശേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
കോലഞ്ചേരിയിൽനിന്ന് ഓട്ടോയിൽ സന്ധ്യയും കുട്ടിയും തിരുവാങ്കുളത്തെത്തി. പിന്നീട് ഏഴുമണിയോടെ കുറുമശ്ശേരിയിലുള്ള വീട്ടിൽ സന്ധ്യ എത്തിയെങ്കിലും ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. ചോദിച്ചപ്പോൾ ആലുവയിലേക്കുള്ള ബസ് യാത്രക്കിടെ കാണാതായെന്നായിരുന്നു മറുപടി. പിന്നീടാണ് കുട്ടിയെ പുഴയിലെറിഞ്ഞതാണെന്ന് വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

