കൊലപാതക ശ്രമം: ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി അറസ്റ്റിൽ
text_fieldsരഘിലാൽ
മണർകാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. വടവാതൂർ ശാന്തിഗ്രാം കോളനി ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ രഘിലാലിനെയാണ് (30) മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ 20ന് രാത്രി 10.30ഓടെ വടവാതൂർ കുരിശുകവലക്ക് സമീപം വടവാതൂരിൽ വാടകക്ക് താമസിക്കുന്ന മലപ്പുറം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് മണർകാട് പൊലീസ് കേസിലെ മറ്റു പ്രതികളായ ആറുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
രഘിലാലിനെ കഴിഞ്ഞദിവസം കരുനാഗപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്. പൊലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി. രഘിലാലിനെതിരെ കോട്ടയം ഈസ്റ്റ്, മണർകാട്, കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ഗാന്ധിനഗർ, വൈക്കം എന്നീ സ്റ്റേഷനുകളിലായി 25 ഓളം ക്രിമിനല്‍ കേസുകളുണ്ട്.

