കുരുമുളക് സ്പ്രേ അടിച്ച് കൊലപാതകശ്രമം: യുവാവ് അറസ്റ്റിൽ
text_fieldsആലപ്പുഴ: പണം തിരികെ ചോദിച്ച വിരോധത്തിൽ കുരുമുളക് സ്പ്രേ അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 18ാം വാര്‍ഡ് വെളിയില്‍ വീട്ടില്‍ സുനീറിനെയാണ് (32) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഈമാസം അഞ്ചിന് രാത്രി ഒമ്പതിന് കലവൂർ ഐസ് പ്ലാന്റിന് മുൻവശത്തായിരുന്നു സംഭവം. വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്താൽ ഇയാളുടെ ലേബര്‍ കോണ്‍ട്രാക്ടറായ യുവാവിനെ അസഭ്യം വിളിക്കുകയും കുരുമുളക് സ്പ്രേ മുഖത്ത് അടിച്ചശേഷം കത്തികൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
ഒളിവില്‍ പോയ പ്രതിയെ മണ്ണഞ്ചേരി എസ്.എച്ച്.ഒ പി.കെ. മോഹിത്, പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ആർ. ബിജു, എസ്.ഐ ടി.ഡി. നെവിന്, സി.പി.ഒ ഷൈജു എന്നിവർ ചേർന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.