
file photo
വർഗീയ സംഘടനകളുടെ നേതൃത്വത്തിൽ പൊലീസിനെ നിർവീര്യമാക്കാൻ ശ്രമം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തീവ്രവാദ സ്വഭാവമുള്ളവരുടെയും വർഗീയ സംഘടനകളുടെയും നേതൃത്വത്തിൽ പൊലീസിനെ നിർവീര്യമാക്കാൻ ബോധപൂർവ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ 32ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയ സംഘടനകൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. നവമാധ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു. എന്തും വിളിച്ചുപറയാവുന്ന അവസ്ഥയാണുള്ളത്. പൊലീസ് അത്തരം കാര്യങ്ങൾ പരിശോധിക്കുകയും അതിെൻറ പിന്നിലെ താൽപര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യണം. പൊലീസ് സ്റ്റേഷനിൽ വരുന്നവരോട് നല്ല ഭാഷയിൽ സംസാരിക്കണം. പരാതിക്കാർ നമ്മുടെ മുകളിലുള്ളവരാണെന്ന ധാരണയോടെ സമീപിക്കണം.
ആവശ്യങ്ങളുമായി വരുന്നവരുടെയും സമയം വിലപ്പെട്ടതാണെന്ന് ഓർക്കണം. പരാതിക്കാരെ ഏറെനേരം സ്റ്റേഷനിൽ ഇരുത്തുന്നത് മികവാണെന്ന് ആരും കരുതേണ്ട. കോവിഡും പ്രളയവും ഉൾപ്പെടെ ദുരന്തങ്ങളിൽ പൊലീസ് ജനങ്ങൾക്കൊപ്പം നിന്നു. ആപത്ഘട്ടത്തിൽ സഹായിക്കുന്നവരെ ജനം ഓർക്കും. കോവിഡ് കാലത്ത് മരിച്ച പൊലീസുകാരുടെ കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കും. അവരുടെ ബന്ധുക്കൾക്ക് വേഗം ജോലി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ആർ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മന്ത്രി ആൻറണി രാജു, പൊലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പി മനോജ് എബ്രഹാം, കെ.പി.എസ്.ഒ.എ പ്രസിഡൻറ് ഇ.എസ്. ബിജുമോൻ, കെ.പി.എ ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, കെ.പി.ഒ.എ ഭാരവാഹികളായ വി.കെ. പൗലോസ്, സി.ആർ. ബിജു, വി. ചന്ദ്രശേഖരൻ, കെ.എസ്. ഒൗസേപ്പ് തുടങ്ങിയവർ പങ്കെടുത്തു.
പ്രതിനിധി സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും പൊലീസ് നവീകരണത്തിന് തുക അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എ, എസ്.പി എസ്. ഹരിശങ്കർ തുടങ്ങിയവർ സന്നിഹിതരായി.